എറണാകുളം: പറവൂരില്‍ രോഗിയെ കയറ്റിയ ആംബുലൻസ് എടുക്കാൻ വൈകിയതിനാല്‍ രോഗി മരിച്ചു.പറവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്.
പറവൂര്‍ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസില്‍ രോഗിയെ കൊണ്ടുപോകാൻ പണം മുൻകൂര്‍ വേണമെന്ന് ഡ്രൈവര്‍ നിലപാടെടുത്തതോടെയാണ് ആംബുലൻസിൽ കിടന്ന് രോഗി മരിച്ചത്.
പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ അസ്മയെ പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥിതി വളരെ ഗുരുതരമായതിനാല്‍ എറണാകുളത്തെ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി റഫര്‍ ചെയ്തു.
ഇതിനായി ആശുപത്രി അധികൃതര്‍ തന്നെ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ഏര്‍പ്പാടാക്കി നല്‍കുകയായിരുന്നു. എന്നാല്‍ രോഗിയെ ആംബുലൻസിലേക്ക് കയറ്റിയ ശേഷം ഡ്രൈവര്‍ ബന്ധുക്കളോട് പണം മുൻകൂര്‍ ആവശ്യപ്പെടുകയായിരുന്നു.
900 രൂപ ലഭിക്കാതെ വാഹനമെടുക്കില്ലെന്ന് ഇയാള്‍ പറഞ്ഞു. ഇയാള്‍ പണം ആവശ്യപ്പെട്ട സമയത്ത് ഇത്രയും തുക ബന്ധുക്കളുടെ കയ്യിലില്ലത്തതിനാല്‍ എറണാകുളത്തെത്തിയാല്‍ പണം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ പണം മുൻകൂറായി ലഭിക്കാതെ വാഹനമെടുക്കില്ലെന്ന് ഇയാള്‍ വാശി പിടിച്ചു. ഒടുവിൽ പണം എത്തിച്ചപ്പോഴേക്കും രോഗി മരിച്ചിരുന്നു.സംഭവത്തിൽ രോഗിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.