ലക്നൗ:അയോധ്യയിലും ക്രൂയിസ്, ഹൗസ് ബോട്ട് സൗകര്യങ്ങൾ ഏർപ്പെടുത്തി യോഗി സർക്കാർ.സരയൂവിലാണ് ക്രൂയിസ്, ഹൗസ് ബോട്ട് സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ആദ്യ ക്രൂയിസ് ഒക്ടോബറില്‍ യാത്രയാരംഭിക്കും.
2024 ജനുവരിയില്‍, രാംലല്ല മഹാക്ഷേത്രം ഭക്തര്‍ക്കായി തുറക്കുന്നതിനു മുൻപ് അത്യാധുനിക ആഡംബര ക്രൂയിസ് കപ്പലില്‍ അയോദ്ധ്യയിലെ സരയൂ നദിയില്‍ യാത്ര ചെയ്യാനുള്ള അവസരം തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ലഭിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദ്യത്തനാഥ് ഉറപ്പ് നൽകി.
നവംബര്‍ ആദ്യവാരം നിശ്ചയിച്ചിരിക്കുന്ന ദീപോത്സവത്തിന് മുമ്ബ് ഹൗസ് ബോട്ട്, ക്രൂയിസ് എന്നിവ അയോദ്ധ്യയിലെത്തും. ദീപോത്സവ ദിനത്തില്‍ സരയൂ നദിയിലൂടെ ക്രൂയിസിലും ഹൗസ് ബോട്ടിലും ജലസവാരി സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ‘കനക്’ എന്ന പേരുള്ള ക്രൂയിസ് ബോട്ടും ‘പുഷ്പക്’ എന്ന ഹൗസ് ബോട്ടും ഇതിനായി നിര്‍മ്മിക്കുന്നുണ്ട്. ഇത് ഉടൻ സജ്ജമാകുമെന്നും അതിനാല്‍ നിരവധി വിനോദസഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും അവസരം ലഭിക്കുമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.
‘ദീപോത്സവ’ദിനത്തില്‍ നദിയുടെ നടുവില്‍ വിസ്മയിപ്പിക്കുന്ന ക്രൂയിസ് ബോട്ടുകള്‍ കാണാനാകും. ജനുവരിയോടെ മറ്റ് രണ്ട് ക്രൂയിസും, ഹൗസ് ബോട്ടുകളും യാത്രയാരംഭിക്കുമെന്നും ഉത്തർപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.