രാജ്യത്തെ ഇടത്തരം, മധ്യവർഗത്തിന്റെ സമ്പാദ്യ ശീലത്തിന്റെ ഭാഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സ്‌കീമുകൾ. സുരക്ഷിത നിക്ഷേപത്തിനൊപ്പം ഉറപ്പുള്ള റിട്ടേണും നൽകാനുള്ള കഴിവാണ് സാധാരണക്കാർക്കിടയിൽ പോസ്റ്റ് ഓഫീസ് സ്‌കീമിനുള്ള ജനപ്രീതിക്ക് കാരണം. ഓരോരുത്തരുടെയും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ചുള്ള വ്യത്യസ്ത നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസിലുണ്ട്. ഇതിൽ 100 രൂപ മുതൽ നിക്ഷേപിച്ച് ലക്ഷങ്ങൾ നേടാൻ സാധിക്കുന്ന പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം മാസ വരുമാനക്കാർക്കിടയിൽ താരമാണ്.
ജൂലായ്- സെപ്റ്റംബർ പാദത്തിൽ ആവർത്തന നിക്ഷേപത്തിന്റെ പലിശ നിരക്ക് വർധിപ്പിച്ചതോടെ നിക്ഷേപം കൂടുതൽ ആകർഷകമായി. 30 അടിസ്ഥാന നിരക്കാണ് ജൂലായ് മാസം ആദ്യം പലിശ നിരക്കിൽ വർധനവ് വരുത്തിയത്. 6.20 ശതമാനമായിരുന്ന പലിശ 6.50 ശതമാനമായി വർധിച്ചു. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ നിരക്ക് കാലാവധിയോളം തുടരും. ത്രൈമാസത്തിലാണ് പലിശ കോമ്പൗണ്ടിംഗ് ചെയ്യുന്നത്.
ആർക്കൊക്കെ അക്കൗണ്ടെടുക്കാം
പ്രായഭേദമില്ലാതെ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം ആരംഭിക്കാം. 10 വയസിൽ താഴെ പ്രായമുള്ള കുട്ടിയാണെങ്കിൽ രക്ഷിതാവിന് കുട്ടിയുടെ പേരിൽ അക്കൗണ്ടെടുക്കാം. 10 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്വന്തം പേരിൽ അക്കൗണ്ടെടുക്കാം. ഒരാൾക്ക് ഒന്നിൽ കൂടുതൽ അക്കൗണ്ടും അനുവദിക്കും.
മാസത്തിൽ 100 രൂപ മുതൽ പരിധിയില്ലാതെ നിക്ഷേപിക്കാം. 10 രൂപയുടെ ഗുണിതങ്ങളാകണം നിക്ഷേപം. 15-ാം തീയതിക്ക് മുൻപ് അക്കൗണ്ട് ആരംഭിച്ചവരാണെങ്കിൽ 15-ാം തീയതിക്ക് മുൻപ് മാസ തവണ നൽകണം. മറ്റുളളവർക്ക് മാസാവസാനം വരെ സമയമുണ്ട്.
കാലാവധി
5 വർഷമാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന്റെ കാലാവധി. കാലാവധിക്ക് ശേഷം പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിന് 5 വർഷം അധിക കാലാവധി ലഭിക്കും. ഇതിനായി അക്കൗണ്ട് ഉള്ള പോസ്റ്റ് ഓഫീസിൽ ഫോം-4 പൂരിപ്പിച്ച് സമർപ്പിച്ചാൽ മതി. നിക്ഷേപം ആരംഭിച്ച കാലത്തെ പലിശ നിരക്ക് തന്നെ തുടർന്നും ലഭിക്കും.
കാലാവധി നീട്ടിയ നിക്ഷേപമാണെങ്കിൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. കാലാവധി ഉയർത്തിയ ശേഷം 1 വർഷത്തിനുള്ളിൽ പിൻവലിച്ചാൽ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്കാണ് ലഭിക്കുക. നിക്ഷേപം നടത്താതെയും കാലാവധി നീട്ടാം.
കാൽക്കുലേറ്റർ
നിലവിലെ പലിശ നിരക്ക് പ്രകാരം മാസം 2,000 രൂപ നിക്ഷേപിക്കുന്നവർക്ക് 5-ാം വർഷത്തിൽ 1,41,983 രൂപയാണ് ലഭിക്കുന്നത്. മാസത്തിൽ 2,000 രൂപ നിക്ഷേപിക്കാൻ ദിവസത്തിൽ 66 രൂപയാണ് മാറ്റിവെയ്‌ക്കേണ്ടി വരുന്നത്. 5 വർഷത്തേക്ക് നിക്ഷേപമായി അക്കൗണ്ടിലെത്തുന്നത് 1.20 ലക്ഷം രൂപയാണ്. ഇതിന് ലഭിക്കുന്ന 21,983 രൂപ പലിശയും സഹിതമാം 1,41,983 രൂപ കാലാവധിയിൽ ലഭിക്കുന്നത്.
അതേസമയം, മാസത്തിൽ 3,000 രൂപ നിക്ഷേപിക്കുന്നൊരാൾക്ക് 2.12 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപത്തിൽ നിന്ന് ലഭിക്കും. ഇതിനായി ദിവസത്തിൽ 100 രൂപ മാത്രമാണ് ആവശ്യമായി വരുന്നത്. 5 വർഷത്തേക്ക് 1.80 ലക്ഷം രൂപയാണ് നിക്ഷേപമായി മാറ്റുന്നത്. ഇതിനായി ലഭിക്കുന്ന 32,972 രൂപ പലിശ സഹിതമാണ് 2,12,971 രൂപ ലഭിക്കുന്നത്.
മാസത്തിൽ 4,000 രൂപ നിക്ഷേപിച്ചാലാണ് കാലാവധിയിൽ 2.83 ലക്ഷം ലഭിക്കുന്നത്. 133 രൂപ മാത്രമാണ് ദിവസം നിക്ഷേപത്തിനായി മാറ്റേണ്ടത്. 5 വർഷ കാലയളവിൽ ആകെ നിക്ഷേപം 2.40 ലക്ഷം രൂപയായിരിക്കും. ഇതിന് ലഭിക്കുന്ന 43,968 രൂപ പലിശ സഹിതമാണ് 2,83,968 രൂപ ലഭിക്കുന്നത്.