കൊച്ചി: സംസ്ഥാനത്തെ റെയില്‍ വികസനത്തിന്റെ തടസ്സങ്ങള്‍ മാറ്റാന്‍ ഇ.ശ്രീധരനെ ഒപ്പംകൂട്ടാനുള്ള നീക്കവുമായി സംസ്ഥാനസര്‍ക്കാര്‍. സംസ്ഥാനത്തെ റെയില്‍ വികസനപദ്ധതികളിലെ തടസ്സങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് ഞായറാഴ്ച ഇ. ശ്രീധരനെ കാണും. പൊന്നാനിയിലെ വീട്ടിലാണ് കൂടിക്കാഴ്ച.
വന്ദേ ഭാരത് വന്നശേഷം ഹൈസ്പീഡ് റെയില്‍വേ വേണമെന്ന് ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.വി തോമസ് പറഞ്ഞു. അതിനാല്‍ കെ. റെയിലിനെതിരായ അദ്ദേഹത്തിന്റെ മുന്‍ നിലപാട് ഇപ്പോള്‍ പ്രസക്തമല്ല. കെ. റെയില്‍ ഉപേക്ഷിച്ച പദ്ധതിയല്ല. പദ്ധതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം. വിഷയം അദ്ദേഹവുമായി ചര്‍ച്ച ചെയ്യും. ശ്രീധരന് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടെന്നും കെ.വി തോമസ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായി കെ.വി. തോമസ് സ്ഥിരീകരിച്ചു. കെ. റെയിലിന്റെ തടസ്സങ്ങള്‍, അങ്കമാലി-എരുമേലി ശബരി റെയില്‍, സംസ്ഥാനത്തെ റെയില്‍ പാതകളുടെ വളവു നികത്തല്‍, വന്ദേഭാരത് വന്ന ശേഷമുള്ള മറ്റു ട്രെയിനുകളുടെ വൈകല്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യുമെന്ന് കെ.വി. തോമസ് പറഞ്ഞു.
കെ. റെയിലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ഇ. ശ്രീധരന്‍. ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഇദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടെ പദ്ധതിയിലുള്ള എതിര്‍പ്പ് അറിയിച്ചിരുന്നു. പദ്ധതി വന്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്നും ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.