FoodNEWS

മൂലക്കുരു ഉൾപ്പെടെ പല രോഗങ്ങൾക്കുമുള്ള മരുന്ന്;ചേനയുടെ ഔഷധ ഗുണങ്ങള്‍ അറിയാതെ പോകരുത്

മൂലക്കുരു ഉൾപ്പെടെ പല രോഗങ്ങൾക്കുമുള്ള മരുന്നാകയാൽ സദ്യവട്ടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്. മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നിൽക്കുന്നതിനാൽ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്.
എരിശ്ശേരി, കാളൻ, തോരൻ, മുളകൂഷ്യം, അവിയൽ, അച്ചാർ, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങൾ നിരവധിയാണ്.ഇതിനുപുറമേ വറുത്തോ, കനലിൽ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം.

ചില രോഗങ്ങളുടെ കാര്യത്തിൽ ഔഷധത്തോടൊപ്പം ഭക്ഷണത്തിൽ ചേന ഉൾപ്പെടുത്തുന്നത് അതിവേഗം രോഗശമനം നൽകാറുണ്ട്. ദഹനശക്തി ഇല്ലാത്തവരും അർശസ് രോഗികളും ചേനക്കറിയോടൊപ്പം മോരുകൂട്ടി ഊണ് കഴിക്കുന്നത് നല്ല ഫലം തരും. ചേനയിലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിക്കും ഗുണകരമാണ്.

കുടലിന്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. കൂടാതെ അതിസാരം, സന്ധിവേദന, ആർത്തവപ്രശ്നങ്ങൾ, ആസ്ത്മ, വാതം എന്നിവയുടെ ശമനത്തിനും ചേന വളരെ ഗുണം ചെയ്യും.പ്രമേഹമുള്ളവർക്ക് പ്രധാന ഭക്ഷണത്തിന്റെ സ്ഥാനത്ത് അരിയും ഗോതമ്പും ഒഴിവാക്കി ചേനയ്ക്കൊപ്പം പയറ് ചേർത്ത് പുഴുക്ക് മാത്രമായി ആഴ്ചയിൽ ഒന്ന് രണ്ട് തവണ കഴിക്കാം.

Signature-ad

പോഷകങ്ങളുടെ കലവറയാണ് ചേന, നാരുകൾക്ക് പുറമേ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലിനിയം, സിങ്ക്, കോപ്പർ, ഇരുമ്പ്, ഫോസ്ഫറസ്, വിറ്റാമിൻ എ, ബി, പ്രോട്ടീൻ, ബീറ്റാസിറ്റോസ്റ്റിറോൾ, ബിറ്റുലിനിക് ആസിഡ്, സ്റ്റിഗ്മാസ്റ്റിറോൾ, ലൂപിയോൾ, ഫ്ളേവനോയ്ഡുകൾ ഇവയും ചേനയിൽ അടങ്ങിയിരിക്കുന്നു.

തെക്ക് കിഴക്ക് ഏഷ്യയിൽ ഉൽഭവിച്ച ഒരു വിളയായ ചേനയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ ആഫ്രിക്കയും ഇന്ത്യയുമൊക്കെയാണ്. ഇന്ത്യയിൽ കേരളം കൂടാതെ ആന്ധ്ര, മഹാരാഷ്ട്ര, ഒറീസ എന്നിവിടങ്ങളിലും ചേന കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇവിടുങ്ങളിലെല്ലാംതന്നെ ധാന്യങ്ങൾക്കു തുല്യമായാണ് ചേന കഴിക്കുന്നത്. പുഴുങ്ങിയും ബേക്ക് ചെയ്തും വറുത്തും  അച്ചാർ രൂപത്തിലും കറികളിൽ ചേർത്തുമൊക്കെ ചേന ഉപയോഗിക്കുന്നു.

 

കൊഴുപ്പ് കുറച്ച് ആരോഗ്യം നൽകുന്ന ഒരു ഭക്ഷണമാണ് ചേന. ഇത് പല പോഷകങ്ങളുടെയും ഉറവിടമാണ്.എസ്സൻഷ്യൽ ഫാറ്റി ആസിഡ് ഉള്ളതിനാലും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാലും ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്.

Back to top button
error: