തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ പേരിനു മുന്‍തൂക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി യോഗത്തില്‍ മുരളീധരന്‍ മത്സരിക്കട്ടെ എന്ന പൊതു വികാരമാണ് ഉയര്‍ന്നത്. ഈ സീറ്റില്‍ താല്‍പര്യം പ്രകടിപ്പിച്ചു വനിതാ നേതാവായ ശോഭ സുരേന്ദ്രനും ശക്തമായി രംഗത്തുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കളില്‍ ഭൂരിഭാഗം പേരുടെയും പിന്തുണ മുരളീധരനാണ്.
മണ്ഡലം കേന്ദ്രീകരിച്ചു മുരളീധരന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കാണുമെന്നാണു നേതൃത്വത്തിന്റെ പ്രതീക്ഷ. അതേസമയം, തിരഞ്ഞെടുപ്പു വേദിയില്‍ പൊതുസമ്മതി നേടാനും അതു വോട്ടായി മാറ്റാനും കഴിവുള്ള ശോഭയെ തഴയുന്നതു തിരിച്ചടിയാകുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവച്ചു. പാര്‍ലമെന്ററി വ്യാമോഹം വച്ചുപുലര്‍ത്തുകയും സമീപകാലത്തു പാര്‍ട്ടിയോട് അകലം പാലിക്കുകയും നേതൃനിരയെ വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാടിനെ അംഗീകരിക്കാനാവില്ലെന്നു മുതിര്‍ന്ന നേതാവ് ഇതിനു മറുപടി നല്‍കി.
നേതൃത്വത്തിനെതിരായ ശോഭയുടെ ആക്ഷേപങ്ങള്‍ പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്നും കുറ്റപ്പെടുത്തലുണ്ടായി. ആറ്റിങ്ങലില്‍ മത്സരിക്കണമെന്ന നിലപാടു തുടര്‍ന്നാല്‍ ശോഭയുമായി കേന്ദ്ര നേതൃത്വം അനുനയചര്‍ച്ചയ്ക്കു തയാറായേക്കും. വിജയ സാധ്യതയുള്ള ആറ്റിങ്ങലില്‍ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മുരളീധരനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തു വിജയ പ്രതീക്ഷ പുലര്‍ത്തുന്ന 5 മണ്ഡലങ്ങളില്‍ വോട്ടുവിഹിതം വര്‍ധിപ്പിക്കുന്നതിനുള്ള ഘടകങ്ങള്‍ കണ്ടെത്തി അറിയിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, പാര്‍ട്ടിക്കു വേണ്ടി സകലതും നഷ്ടപ്പെടുത്തേണ്ട സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്നും നേതാക്കളില്‍ നിന്ന് അഭിമാനക്ഷതം ഏറ്റുവെന്നും ശോഭ സുരേന്ദ്രന്‍ ചാനലിനോടു പറഞ്ഞു. പാര്‍ട്ടി വേദികളില്‍ തന്നെ കാണാത്തതിന് ഉത്തരം പറയേണ്ടതു സംസ്ഥാന നേതൃത്വമാണ്. ബിജെപിയെ സംസ്ഥാനത്തു ശക്തിപ്പെടുത്തുന്നതിനായുള്ള ചര്‍ച്ചകളില്‍ നിന്നു തന്നെ മനഃപൂര്‍വം അകറ്റി നിര്‍ത്തുകയാണെന്നും അവര്‍ പറഞ്ഞു.