എംവിഡിയെയും കെഎസ്ഇബിയെയും ട്രോളി മില്‍മ; ഫൈനടിച്ച് ക്ഷീണമായെങ്കില്‍ ഇനിയല്‍പം മില്‍മ ജോയ് ആവാം!
കോഴിക്കോട്: തോട്ടി കൊണ്ടുപോയ വാഹനത്തിന് എ.ഐ ക്യാമറ ഉപയോഗിച്ച് പിഴയിട്ട മോട്ടോർ വാഹന വകുപ്പിനെയും തുടർന്ന് ബിൽ കുടിശിക വരുത്തിയതിന്റെ പേരിൽ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് ഊരിയ കെഎസ്ഇബിയെയും ട്രോളി മിൽമ. അടുത്തിടെ പുറത്തിറക്കിയ ശീതള പാനീയമായ മിൽമ ജോയ്ക്ക് വേണ്ടി, മിൽമ മലബാർ യൂണിയൻ പുറത്തിറക്കിയ പരസ്യത്തിലാണ് രണ്ട് കൂട്ടർക്കും ഇനി അൽപം ക്ഷീണം ആവാമെന്ന ധ്വനിയുള്ളത്. ഫൈനടിച്ച് ക്ഷീണമായെങ്കിൽ ഇനിയൽപം മിൽമ ജോയ് ആവാം എന്നാണ് പരസ്യത്തിലെ വാക്യം. കെഎസ്ഇബി നാല്, എംവിഡി രണ്ട് എന്നെഴുതിയ സ്‍കോർ ബോർഡും നൽകിയിട്ടുണ്ട്.
അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി കെഎസിഇബി വാടകക്കെടുത്ത കെ.എൽ. 18 ക്യൂ. 2693 നമ്പർ ജീപ്പിന് 20,500 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. പിഴയൊടുക്കണമെന്ന് കാണിച്ച് മോട്ടോർവാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് നോട്ടീസും അയച്ചു. വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിനായിരുന്നു ഇത്. ജൂൺ ആറിന് ചാർജുചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്.
ഇതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ വൈദ്യുതി കെഎസ്ഇബി ഉദ്യോഗസ്ഥർ വിച്ഛേദിച്ചു. ജില്ലയിലെ എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടമായിരുന്നു ഇത്. പിന്നാലെ സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ മറ്റ് ചില ഓഫീസുകളുടെ വൈദ്യുതി കണക്ഷനും വിച്ഛേദിച്ചു. എന്നാൽ കെഎസ്ഇബിയുടെ വാഹനം എമർജൻസി സർവീസാണെന്നും അതിന് പിഴ ഈടാക്കിയ നടപടി തെറ്റാണെന്നും ഗതാഗത മന്ത്രി പ്രതികരിച്ചിരുന്നു.