KeralaNEWS

ലൗ ജിഹാദ് , നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

തലശ്ശേരി: ലൗ ജിഹാദ് , നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പെൺകുട്ടികളെ മയക്കു മരുന്ന് നൽകിയും പ്രണയക്കുരുക്കിൽപെടുത്തിയും വശത്താക്കുന്ന ചില സംഘങ്ങൾ ഉണ്ടാകാം. എന്നാൽ അത് ഏതെങ്കിലും മതത്തിൻറെ പ്രശ്നമായി കാണുന്നില്ല. സമൂഹ മാധ്യമങ്ങളിൽ തീവ്ര നിലപാട് സ്വീകരിക്കുന്ന കാസയുമായി സഭയ്ക്ക് ബന്ധമില്ലെന്നും സഭയ്ക്ക് ഇസ്ളാമോഫോബിയ ഇല്ലെന്നും പാംപ്ലാനി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസി​ന്റെ പോയൻറ് ബ്ലാങ്ക് പരിപാടിയിലായിരുന്നു അദ്ദേഹത്തി​ന്റെ പ്രതികരണം.

ജിഹാദ് എന്ന പദം ഒരു മതവിഭാഗത്തിന് വേദനാജനകമായ അർത്ഥത്തിൽ വ്യാഖ്യാനിക്കാൻ ആഗ്രഹിക്കുന്നില്ല. മയക്കുമരുന്നിൻറെ വ്യാപനം ഇവിടെ ശക്തമാണ്. അതുപയോഗിച്ച് വഴിതെറ്റിക്കാനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട്. ഒരു വിഭാഗം മാത്രമല്ല ഇത് ചെയ്യുന്നത്. കാസ സഭയുടെ പിന്തുണ ഇതുവരെ ചോദിച്ച് വന്നിട്ടില്ല. സഭയുടെ ഔദ്യോഗിക ഭാഗത്ത് നിന്ന് ആരും കാസ സഭയുടെ ഭാഗമാണെന്ന് പറഞ്ഞിട്ടില്ല. കാസയിൽ അംഗമായി വൈദികരും ഉണ്ടായിരിക്കാം. ഇസ്ളാമോഫോബിയ പടർത്തുന്ന നിലപാട് സഭയ്ക്കില്ല. അത് ന്യൂനപക്ഷങ്ങളുടെ നിലനിൽപ്പിന് അപകടമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം സഭയ്ക്ക് ഉണ്ടെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

Signature-ad

നേരത്തെ മണിപ്പൂരിലെ സംഘർഷത്തിൽ രൂക്ഷമായ വിമർശനമാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നടത്തിയത്. കലാപം ക്രൈസ്ത ദേവാലയം ലക്ഷ്യമിട്ടാണ് എന്ന് ആരോപിച്ച ജോസഫ് പാംപ്ലാനി ഭരണഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണെന്നും കൂട്ടിച്ചേർത്തു. അതിൽ ഗുരുതര വീഴ്ച ഉണ്ടായി എന്നും കുറ്റപ്പെടുത്തിയിരുന്നു.

റബ്ബർ വില കേന്ദ്ര സർക്കാർ 300 രൂപയാക്കി ഉയർത്തിയാൽ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്ന ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം നേരത്തെ വിവാദമായിരുന്നു. കേരളത്തിൽ നിന്നും ബിജെപിയ്ക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവർത്തിച്ചിരുന്നു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു ആർച്ച്‌ ബിഷപ്പിന്റെ പരാമർശം.

Back to top button
error: