സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന വിദ്യാർഥികളിൽ പലരും ലഹരിമാഫിയയുടെയും മറ്റും വലയിൽ കുരുങ്ങുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ണൂരിൽ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടത്. വിദ്യാലയപരിസരങ്ങളിലെ കുറ്റകൃത്യങ്ങൾ തടയാൻ നടപ്പാക്കിയ ‘വാച് ദി ചിൽഡ്രൺ’ എന്ന പദ്ധതിയുടെ ഭാഗമായി നിരവധി സംഭവങ്ങളാണ് പൊലീസ് കണ്ടെത്തിയത്. സ്കൂൾ തുറന്ന് ഒരു മാസം മാത്രം പിന്നിട്ടപ്പോൾ തന്നെ സ്‌കൂളിൽ കയറാതെ പാർക്കുകളിലും ബീച്ചിലും മറ്റും കറങ്ങി നടന്ന 40 വിദ്യാർഥികളാണ് പിടിയിലായത്.
പയ്യാമ്പലം കടലിന് സമീപത്തെ മരച്ചുവട്ടിൽനിന്ന് 15-കാരിയെയും 20കാരനായ യുവാവിനെയും പിടികൂടിയ പിങ്ക് പൊലീസ് കണ്ടെത്തിയത് ഗൗരവമേറിയ കാര്യമാണ്. സ്കൂൾ യൂണിഫോമിന് മുകളിൽ ചുരിദാർ ധരിച്ച നിലയിലായിരുന്നു പെൺകുട്ടി. യൂണിഫോമിൽ കറങ്ങിനടന്നാൽ ശ്രദ്ധയിൽ പെടുമെന്നതിനാലാണത്രേ ഇത്തരമൊരു നടപടി സ്വീകരിക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്. കണ്ണൂർ കോട്ടയിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്താം ക്ലാസുകാരിയെ പിടികൂടിയത് എറണാകുളം സ്വദേശിയായ വിദ്യാർഥിക്കൊപ്പമാണ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്.
മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് പെൺകുട്ടികളെയും തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിനെയും വനിതാ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിലെടുത്തു. മറ്റൊരു സംഭവത്തിൽ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 15കാരിയും 22 കാരനുമാണ് പിടിയിലായത്. ഇവരും പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ തന്നെ. പഴയ ബസ് സ്റ്റാൻഡിൽ കല്യാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്ലസ്ടു വിദ്യാർഥിയെയും മറ്റൊരു പെൺകുട്ടിയെയും വനിതാ പൊലീസ് പിടിച്ചിരുന്നു.
സ്കൂൾ യൂണിഫോം മാറ്റി ജീൻസും ടീഷർടും ധരിച്ച് പയ്യാമ്പലത്ത് കറങ്ങിനടക്കുന്നതിനിടയിൽ മൂന്ന് പത്താംക്ലാസ് വിദ്യാർഥികളും പൊലീസ് പിടിയിലായി. സ്‌കൂൾ യൂണിഫോം ബാഗിനകത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതുകൂടാതെ, സ്കൂൾപരിസരങ്ങളിൽ നിന്നടക്കം ദുരൂഹ സാഹചര്യത്തിൽ കണ്ട നിരവധി വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരിമാഫിയാ സംഘങ്ങളും വിദ്യാർഥികളെ ചൂഷണം ചെയ്യുന്നതായി പൊലീസ് വ്യക്തമാക്കുന്നു. ക്ലാസില്‍ കയറാത്ത വിദ്യാര്‍ഥികളെ ലഹരിമാഫിയകള്‍ കൂടുതലായി ലക്ഷ്യമാക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ആദ്യം സൗജന്യമായി വിദ്യാർഥികൾക്ക് ലഹരിമരുന്നുകൾ നൽകി അവരെ അടിമയാക്കുകയും പിന്നീട് ഇവരെ കാരിയർമാരായി ഉപയോഗിക്കുകയുമാണ് ലഹരിമാഫിയ സംഘങ്ങൾ പയറ്റുന്ന തന്ത്രം. പിങ്ക് പൊലീസിന്റെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിലാണ് കണ്ണൂരിൽ പരിശോധന നടത്തിയത്. കണ്ണൂര്‍ എ.സി.പി ടികെ രത്‌നകുമാറിന്റെ നേതൃത്വത്തിലാണ് ‘വാച് ദി ചില്‍ഡ്രണ്‍’ പരിപാടി നടപ്പാക്കുന്നത്.
പൊലീസ് കണ്ടെത്തലുകൾ ഗൗരവമേറിയതാണെന്നും ഇത് ഒരു സ്ഥലത്തെ മാത്രം കാര്യമില്ലെന്നും സംസ്ഥാനത്ത് എമ്പാടും ഇത്തരം സാഹചര്യങ്ങൾ ഉണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കഴുകൻ കണ്ണുകളുമായി വിദ്യാർഥികളെ റാഞ്ചാൻ പലരും തക്കം പാർത്തിരിക്കുകയാണെന്നും ജാഗ്രത അനിവാര്യമാണെന്നും ഇവർ പറയുന്നു. കോവിഡ് ലോക് ഡൗണിനെ തുടർന്ന് പഠനം ഓൺലൈനായതിന് ശേഷം മൊബൈൽ ഫോൺ കൂടുതലായി വിദ്യാർഥികളുടെ കൈകളിലെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം വിദ്യാർഥിനികളെ കെണിയിൽ വീഴ്ത്താൻ പലരും ഇത് അവസരമാക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾ എന്തുചെയ്യുന്നു, അവർ സ്‌കൂളിൽ എത്തുന്നുണ്ടോ, ആരൊക്കെയുമാണ് കൂട്ടുകൂടുന്നത് തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കൾ പരിശോധിക്കേണ്ടതുണ്ട് എന്നാണ് പൊലീസും പറയുന്നത്.