റിയാദ്: സൗദി അറേബ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട അഞ്ച് യുവാക്കളുടെ വധശിക്ഷ നടപ്പാക്കിയതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ ഒരാള്‍ വിദേശിയും മറ്റ് നാല് പേര്‍ സൗദി പൗരന്മാരുമാണ്. എല്ലാവര്‍ക്കുമെതിരായ കുറ്റങ്ങള്‍ വിവിധ കോടതികള്‍ മുമ്പാകെ തെളിയിക്കപ്പെടുകയും അപ്പീല്‍ കോടതികള്‍ ശിക്ഷ ശരിവെയ്ക്കുകയും ചെയ്തതിന് ശേഷം വധശിക്ഷ നടപ്പാക്കാനുള്ള സൗദി ഭരണാധികാരിയുടെ അനുമതി ലഭിച്ചതോടെയാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ഈജിപ്ഷ്യന്‍ സ്വദേശിയായ ത്വല്‍ഹ ഹിശാം മുഹമ്മദ് അബ്ദു, സൗദി പൗരന്മാരായ അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ അഹ്മദ് അസീരി, നസ്സാര്‍ ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍മൂസ, ഹമദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍മൂസ, അബ്ദുല്ല ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍തുവൈജിരി എന്നിവരുടെ വധശിക്ഷകളാണ് നടപ്പാക്കിയത്. ഇവരില്‍ ത്വല്‍ഹ ഹിശാം സൗദി അറേബ്യയിലെ അല്‍ ഹസയില്‍ ശിയാ വിഭാഗക്കാരുടെ ആരാധനാലയത്തിന് നേരെ ആക്രമണം നടത്തിയിരുന്നു.
ഈ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സുരക്ഷാ സൈനികരെ ഉള്‍പ്പെടെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാള്‍ ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ചാവേര്‍ സ്ഫോടനം നടത്താനും പദ്ധതിയിട്ടു. ആക്രമണത്തില്‍ ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് നാല് പേര്‍ പിന്നീട് സുരക്ഷാ സേനകളുമായുള്ള ഏറ്റമുട്ടലുകളില്‍ കൊല്ലപ്പെട്ടു. കേസിലെ മറ്റ് പ്രതികള്‍ പല തരത്തില്‍ ഈ ആക്രമണത്തിന് സഹായം ചെയ്യുകയും ഇതിന്റെ ആസുത്രണത്തില്‍ പങ്കെടുക്കുകയും ചെയ്‍തവരാണ്.