എറണാകുളം: പട്ടിമറ്റത്ത് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാലുപേര്‍ പിടിയില്‍. നിലമ്പൂരില്‍ നിന്ന് കിട്ടിയ ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപക്ക് മറ്റൊരു സംഘത്തിന് വില്‍ക്കാനായിരുന്നു ശ്രമം. വീട് വളഞ്ഞാണ് പ്രതികളെ വനം വകുപ്പ് പിടികൂടിയത്. പട്ടിമറ്റം സ്വദേശികളായ അഖില്‍ മോഹന്‍, അനീഷ് ആലപ്പുഴ സ്വദേശി ശ്യാംലാല്‍, മാവേലിക്കര സ്വദേശി അനീഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്.
കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥര്‍, പെരുമ്പാവൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ്, മേക്കപ്പാല ഫോറസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പിടിയിലായ അനീഷിന്റെ തറവാട് വീട്ടില്‍ വെച്ച് ആലപ്പുഴ സ്വദേശികള്‍ക്ക് ആനക്കൊമ്പ് കൈമാറാനായിരുന്നു നീക്കം. അഖില്‍ മോഹന്റെ കൈവശമായിരുന്നു ആനക്കൊമ്പ്. ഏറെ അന്വേഷിച്ചാണ് ആലപ്പുഴയില്‍ നിന്ന് ഇടപാടുകാരെ കണ്ടെത്തിയത്.
അഞ്ച് ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു. കൊമ്പ് വാങ്ങാന്‍ ആലപ്പുഴയില്‍ നിന്ന് കാറിലാണ് ശ്യാംലാലും അനീഷും എത്തിയത്. ആനക്കൊമ്പ് പുറത്തെടുത്ത് ഇടപാട് സംസാരിക്കുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട് വളയുകയായിരുന്നു. ഇടപാടുകാരെത്തിയ കാറും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
ഒരു മാസം മുമ്പ് നിലമ്പൂരില്‍ നിന്നാണ് കൊമ്പ് ലഭിച്ചതെന്നാണ് അഖിലിന്റെ മൊഴി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാറില്‍ ചന്ദനം കടത്തിയ കേസില്‍ പട്ടിമറ്റം സ്വദേശി അനീഷ് വനംവകുപ്പിന്റെ പിടിയിലായിട്ടുണ്ട്. ആനക്കൊമ്പ് എന്ന് എവിടെവെച്ച് ആര് മുറിച്ചെടുത്തു എങ്ങനെ കിട്ടി തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.