CrimeNEWS

വീടൊഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി തുക തിരികെ ചോദിച്ചതിന് പൊതിരെത്തല്ല്; റിട്ട. എസ്.ഐക്കെതിരെ പരാതി, അന്വേഷണം

ഇടുക്കി: വാടകക്കെടുത്ത വീടിനു നല്‍കിയ സെക്യൂരിറ്റി തുക തിരികെ ചോദിച്ചതിന് റിട്ട. എസ് ഐ മദ്ദിച്ചതായി പരാതി. അണക്കര ചെല്ലാര്‍ കോവില്‍ സ്വദേശി ഇലവുംമൂട്ടില്‍ ബെന്നിയെയാണ് റിട്ട. എസ്.ഐ രാജു മത്തായി മര്‍ദ്ദിച്ചത്. അണക്കരക്കടുത്ത് രാജു മത്തായിയുടെ ഉടമസ്ഥതയിലുള്ള വീട് ഒരു വര്‍ഷം മുമ്പാണ് ബെന്നി വാടകക്ക് എടുത്തത്. വീടൊഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി തുക ചോദിച്ചതിന് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

25,000 രൂപ സെക്യൂരിറ്റിയും 8000 രൂപ മാസ വാടകയും നല്‍കിയാണ് ബെന്നി വാടക വീട്ടില്‍ താമസിച്ചിരുന്നത്. രണ്ടു മാസം മുമ്പ് ബെന്നി വീടൊഴിഞ്ഞു. ഒരു മാസത്തെ വാടക കുറച്ചുള്ള സെക്യൂരിറ്റി തുക തിരികെ നല്‍കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും രാജു മത്തായി ഇത് നല്‍കാന്‍ തയ്യറായില്ല. വ്യാഴാഴ്ച വീണ്ടും ബന്ധപ്പെട്ടപ്പോള്‍ താന്‍ അണക്കരയിലെ സ്വകാര്യ ലാബിലുണ്ടെന്ന് രാജു പറഞ്ഞു.

Signature-ad

രാജു പറഞ്ഞതനുസരിച്ച് ബെന്നി അവിടെത്തി. പണം ചോദിച്ചുള്ള തര്‍ക്കത്തിനിടെ രാജു ബെന്നിയെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബെന്നി പുറ്റടി സാമൂഹികാരോഗ്യേ കേന്ദ്രത്തില്‍ ചികിത്സ തേടി. ബെന്നിയുടെ പരാതിയില്‍ മൊഴിയെടുത്ത് വണ്ടന്മേട് പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.

 

Back to top button
error: