ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിന് ഇടക്കാല ജാമ്യം. സുപ്രീം കോടതി മൂന്നംഗ ബെഞ്ചാണ് ഏഴു ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ടീസ്റ്റയുടെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി, എത്രയും വേഗം കീഴടങ്ങണമെന്ന് ശനിയാഴ്ച ഉത്തരവിട്ടിരുന്നു. കീഴടങ്ങാന്‍ 30 ദിവസത്തെ സാവകാശം വേണമെന്ന ടീസ്റ്റയുടെ ആവശ്യം ജസ്റ്റിസ് നിര്‍സാര്‍ ദേശായി നിരസിച്ചു. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ടീസ്റ്റയ്ക്ക് ജാമ്യം നല്കുന്നതില് സുപ്രീം കോടതി രണ്ടംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടര്‍ന്നാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്. കേസ് രാത്രി തന്നെ പുതിയ ബെഞ്ച് പരിഗണിക്കണമെന്ന ടീസ്റ്റയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. ഇടക്കാല ജാമ്യം അനുവദിക്കാത്ത ഗുജറാത്ത് ഹൈക്കോടതി നടപടി തെറ്റാണെന്ന് മൂന്നംഗം ബെഞ്ച് പറഞ്ഞു. ഹൈക്കോടതി നടപടി അദ്ഭുതപ്പെടുത്തുന്നെന്നും പരാമര്‍ശമുണ്ടായി.
സുപ്രീം കോടതി രണ്ടംഗ ബെഞ്ചില്‍ ജസ്റ്റിസ് അഭയ് എസ്.ഓക്ക, ടീസ്റ്റയ്ക്ക് ജാമ്യം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര വിയോജിച്ചു. ഇതോടെ മൂന്നംഗ ബെഞ്ചിന് കൈമാറുകയായിരുന്നു.
കേസില്‍ 2022 ജൂണ്‍ 25ന് ടീസ്റ്റയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ആയിരുന്ന ടീസ്റ്റ, സെപ്റ്റംബറില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ജയില്‍മോചിതയായി. തുടര്‍ന്ന് ജാമ്യഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്കു മാറ്റിയിരുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ടീസ്റ്റയുടെ ജാമ്യ ഹര്‍ജി പലതവണ പരിഗണിക്കാതെ നീട്ടിവച്ച ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.