KeralaNEWS

യൂത്ത് കോണ്‍. തെരഞ്ഞെടുപ്പില്‍ ‘മൂത്ത’പോര്; സ്ഥാനാര്‍ഥിക്ക് പരിക്ക്

എറണാകുളം: യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ സ്ഥാനാര്‍ഥിക്ക് പരിക്കേറ്റു. കുന്നത്തുനാട്ടിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനാര്‍ഥി സലീം മുഹമ്മദിനാണ് പരിക്കേറ്റത്. ഐ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് സലിം മുഹമ്മദ്.

യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സ്ഥാനാര്‍ഥിയും എ ഗ്രൂപ്പ് പ്രതിനിധിയുമായ അനൂപിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണ് പരാതി. പരിക്കേറ്റ സലീം മുഹമ്മദിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. ഒരുമാസം നീണ്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഗ്രൂപ്പ് യോഗങ്ങള്‍ സജീവമായതോടെ പാര്‍ട്ടിയിലെ ഐക്യം നഷ്ടമായെന്ന പരാതി ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

Signature-ad

സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍ നിന്ന് അബിന്‍ വര്‍ക്കിയുമാണ് ഏറ്റുമുട്ടുന്നത്. ഇരു ഗ്രൂപ്പില്‍ നിന്നും വിമതരും മത്സരരംഗത്തുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്താണ് യൂത്ത് കോണ്‍ഗ്രസില്‍ അംഗമാകേണ്ടത്. തിരഞ്ഞെടുപ്പ് വോട്ടര്‍ ഐഡിയും ഫോട്ടോയും വേണം. യൂത്തുകോണ്‍ഗ്രസ് അംഗമാകാന്‍ തയ്യാറാണെന്ന് പറയുന്ന എട്ടുസെക്കന്റ് വീഡിയോയും അപ്ലോഡ് ചെയ്യണം. അംഗത്വഫീസ് 50 രൂപയാണ്.

Back to top button
error: