കോട്ടയം: കഞ്ചാവുമായി നഴ്‌സ് പിടിയില്‍. ചില്ലറ വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച ഒരു കിലോയിലധികം കഞ്ചാവുമായാണ് തിരുവല്ല കവിയൂര്‍ വടശ്ശേരി മലയില്‍ മജേഷ്(43) പിടിയിലായത്. കറുകച്ചാല്‍ ശാന്തിപുരം ഭാഗത്ത് നിന്നാണ് ചങ്ങനാശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ എസ് ബിനുവും സംഘവും ചേര്‍ന്ന് 1.070 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. 1300 രൂപയും ഒരു മൊബൈല്‍ ഫോണും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ഇയാള്‍ ഗള്‍ഫില്‍ നഴ്‌സിംഗ് ജോലി നോക്കി വരികയായിരുന്നു. മൂന്നുവര്‍ഷം മുന്‍പ് ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ഇയാള്‍ കഞ്ചാവ് ഉപയോഗത്തിലേക്കും തുടര്‍ന്ന് വില്പനയിലേക്കും തിരിയുകയായിരുന്നു.
കഞ്ചാവ് ചെറിയ പൊതികളാക്കി ശാന്തിപുരം ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു. ശാന്തിപുരം ഭാഗത്ത് യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് എത്തിച്ചിരുന്ന പ്രധാനിയാണ് മജേഷ്. ഇയാള്‍ പല സ്ഥലങ്ങളിലും ലഹരി മരുന്ന് കേസില്‍ പിടിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണെന്നും എക്‌സൈസ് അറിയിച്ചു.
ലഹരിമരുന്ന് വ്യാപാരം, ഉപയോഗം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ചങ്ങനാശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ 9400069509 എന്ന നമ്പറിലേക്ക് വിളിച്ച് അറിയിക്കാവുന്നതാണെന്നും വിവരങ്ങള്‍ അറിയുക്കുന്നവരുടെ പേര് വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.