മുംബൈ: 2019-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പിയുമായി സഖ്യരൂപീകരണ ചര്‍ച്ചകള്‍ നടത്തിയിരുന്നെന്ന് വെളിപ്പെടുത്തി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍, ബി.ജെ.പി. അധികാരത്തിനായി ആരുമായും കൂട്ടുകൂടുമെന്ന് തുറന്നുകാട്ടാനുള്ള തന്ത്രപരമായ നീക്കമായിരുന്നെന്ന് അദ്ദേഹം ന്യായീകരിച്ചു. 2019-ല്‍ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ എന്‍.സി.പി. സഹായിച്ചുവെന്ന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫ്ഡനാവിസിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”2014- ല്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിയെ പരസ്യമായി എന്‍.സി.പി. പുറത്തുനിന്ന് പിന്തുണച്ചു. എന്‍.ഡി.എ. ഘടകകക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനായിരുന്നു ഈ നീക്കം. 2019 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ദേവേന്ദ്ര ഫഡ്നാവിസിന്റേയും അജിത് പവാറിന്റേയും സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ മനസ്സുമാറ്റിയെന്ന് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞപ്പോള്‍, സര്‍ക്കാര്‍ അധികകാലം നീണ്ടുനിന്നില്ല. അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി. ഏതറ്റംവരേയും പോകുമെന്ന് തുറന്നുകാട്ടാനും എന്‍.സി.പി. എന്‍.സി.പി. അങ്ങനെയെല്ലെന്നും അടിവരയിടാനുമുള്ള എന്റെ കണക്കുക്കൂട്ടിയുള്ള നീക്കമായിരുന്നു അത്” – പവാര്‍ പറഞ്ഞു.
ഉപമുഖ്യമന്ത്രി രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പവാര്‍ അഭിപ്രായപ്പെട്ടു. ”സംസ്ഥാനത്തുടനീളം ഒരുപാട് പെണ്‍കുട്ടികളേയും സ്ത്രീകളേയും കാണാതായിട്ടുണ്ട്. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കണം”, പവാര്‍ അഭിപ്രായപ്പെട്ടു.
2014-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്‍.സി.പി. എന്‍.ഡി.എയെ പുറത്തുനിന്ന് പിന്തുണച്ചു. മുഖ്യമന്ത്രി സ്ഥാനം ശിവസേനയും ലക്ഷ്യമിട്ടിരുന്നെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയില്‍ നിന്ന് അന്ന് ദേവന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാവുകയായിരുന്നു. 2019- സമാനസാഹചര്യം ഉടലെടുത്തെങ്കിലും ശിവസേന ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നില്ല. അഞ്ചുവര്‍ഷവും മുഖ്യമന്ത്രി സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന ബി.ജെ.പിയുടെ അവകാശവാദം ശിവസേന അംഗീകരിക്കാതെ വന്നതോടെ, എന്‍.സി.പിയില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗത്തിന്റെ പിന്തുണയോടെ ബി.ജെ.പി. സര്‍ക്കാര്‍ ഉണ്ടാക്കി. എന്നാല്‍, സഖ്യത്തെ ശരത് പവാര്‍ പിന്തുണയ്ക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ അഞ്ചുദിവസം മാത്രമാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായുള്ള സര്‍ക്കാരിന് ആയുസുണ്ടായിരുന്നത്. തുടര്‍ന്നാണ് ശരദ് പവാറിന്റെ മുന്‍കൈയില്‍ കോണ്‍ഗ്രസ്- ശിവസേന- എന്‍.സി.പി. സഖ്യസര്‍ക്കാര്‍ ഉണ്ടാക്കുന്നത്.