IndiaNEWS

മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കി; മഷിയുണങ്ങും മുമ്പ് വിവാദ ഉത്തരവ് പിന്‍വലിച്ച് ഗവര്‍ണര്‍

ചെന്നൈ: സെന്തില്‍ ബാലാജിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവ് പിന്‍വലിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് സെന്തില്‍ ബാലാജിയുടെ മന്ത്രിപദം തെറിപ്പിച്ച നടപടിയില്‍ നിന്ന് ഗവര്‍ണര്‍ പിന്‍വാങ്ങിയത് എന്നാണ് വിവരം. പലപ്പോഴായി തമ്മില്‍ പോരടിച്ചിട്ടുള്ള മുഖ്യമന്ത്രി എം.കെ സ്റ്റാലിന് സൂചന പോലും നല്‍കാതെയാണ് സെന്തിലിനെ മന്ത്രിസ്ഥാനത്ത് നീക്കിയെന്ന് രാജ്ഭവന്‍ നേരത്തെ ഉത്തരവിറക്കിയത്.

സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് പുതിയ തലത്തിലേയ്ക്ക് എത്തിക്കാന്‍ തക്കവണ്ണമുള്ള നടപടിയെ നിയമപരമായി നേരിടുമെന്ന് സ്റ്റാലിനും പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ഗവര്‍ണര്‍ നിലപാട് മയപ്പെടുത്തിയത്. വിഷയം അറ്റോര്‍ണി ജനറലുമായി ചര്‍ച്ച ചെയ്തു വരികയാണെന്നും അതിനാല്‍ മന്ത്രിസ്ഥാനം തള്ളിക്കൊണ്ടുള്ള ഉത്തരവ് മരവിപ്പിക്കുകയാണെന്നുമാണ് ഔദ്യോഗിക വിശദീകരണം.

Signature-ad

സെന്തില്‍ ബാലാജി മന്ത്രി സ്ഥാനത്ത് തുടരുന്നത് നിയമന കോഴ കേസിലെ അന്വേഷണത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണര്‍ ആര്‍ എന്‍ രവി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് നീക്കിയത്. ഇഡി കസ്റ്റഡി ജൂലായ് 12 വരെ കോടതി നീട്ടി നല്‍കിയെങ്കിലും ബൈപാസ് ശസ്ത്രക്രിയയ്ക്ക് ശേഷം കാവേരി ആശുപത്രിയില്‍ വിശ്രമത്തിലാണ് സെന്തില്‍ ബാലാജി.

കോഴക്കേസില്‍ സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തന്നെ മന്ത്രിസ്ഥാനത്ത് തുടരാനാകില്ല എന്ന് ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു. സെന്തില്‍ ബാലാജി വഹിച്ചിരുന്ന വകുപ്പുകള്‍ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പിന്നാലെ ഗവര്‍ണര്‍ തന്റെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാനാകില്ല എന്നായിരുന്നു ആര്‍ എന്‍ രവി അറിയിച്ചത്. എന്നാല്‍ ഇതിനെതിരെ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയായിരുന്നു സ്റ്റാലിന്‍ പ്രതികരിച്ചത്.

Back to top button
error: