തെരഞ്ഞെടുപ്പു കാലത്ത് കുരുക്കായി ഷാനിമോള്‍ ഉസ്മാനെതിരേ ഫ്ളാറ്റ് തട്ടിപ്പ് വിവാദം; വീട്ടിലേക്കു മാര്‍ച്ച് നടത്തി പ്രവാസി നിക്ഷേപകര്‍; മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതി; മത്സരിക്കുന്ന മണ്ഡലത്തില്‍ പ്രചാരണം നടത്തും

ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനു കുരുക്കായി 100 കോടിയുടെ ഫ്ളാറ്റ് തട്ടിപ്പ്. വിദേശത്തുപോയി കഷ്ടപ്പെട്ട് സമ്പാദിച്ച തുക വിനിയോഗിച്ച് നിര്‍മിച്ച, 100 കോടി വിലമതിക്കുന്ന ഹോട്ടല്‍ ക്രൗണ്‍ പ്ലാസ ഫ്ലാറ്റ് സമുച്ചയം മകളുടെയും മരുമകന്റെയും പേരില്‍ ഷാനിമോള്‍ കൈവശപ്പെടുത്തിയെന്നാണു നിക്ഷേപകരുടെ പരാതി. തട്ടിപ്പിനിരയാക്കപ്പെട്ട പ്രവാസികള്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ക്ക് പരാതി നല്കി.
നാട്ടിലെത്തുമ്പോള്‍ സ്ഥിരമായ മാസവരുമാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഒരുകൂട്ടം പ്രവാസികള്‍ പദ്ധതിയില്‍ തുക നിക്ഷേപിച്ചത്. 215 സര്‍വീസ് അപ്പാര്‍ട്മെന്റുകളില്‍ 20 എണ്ണത്തിലായിരുന്നു നിക്ഷേപം. 1,25,000 രൂപ പ്രതിമാസം നല്‍കാമെന്ന് സമ്മതിച്ചാണ് അപ്പാര്‍ട്മെന്റ് നടത്തിപ്പിനുള്ള കരാര്‍ എഴുതിയത്. കാലാവധി കഴിഞ്ഞിട്ടും വിട്ടുനല്‍കിയില്ല. വാടകത്തുകയും നല്‍കില്ല. സ്ഥലം കൈയേറി വ്യാജരേഖയുണ്ടാക്കി സീക്ക് ഹോട്ടല്‍സ് എന്ന ബോര്‍ഡ് സ്ഥാപിച്ച് ഉടമസ്ഥാവകാശം ഒപ്പിച്ചെടുത്തു. മറ്റ് അപ്പാര്‍ട്മെന്റുകളിലേക്ക് കയറാന്‍ ഉടമസ്ഥരെ അനുവദിക്കുന്നില്ല. ഗുണ്ടാസംഘത്തെ ഉപയോഗിച്ചും രാഷ്ട്രീയ സ്വാധീനത്താലും ഭീഷണിപ്പെടുത്തുന്നു. ഗുണ്ടായിസം കാണിച്ച് ഷാനിമോള്‍ ഇവരെ ഇറക്കിവിട്ടുവെന്നും പരാതിയില്‍ പറയുന്നു.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായത്തോടെയാണ് തട്ടിപ്പെന്നും ഇരയായ മലയാളി പ്രവാസികള്‍ക്ക് സംരക്ഷണവും നീതിയും ഉറപ്പാക്കണമെന്നും അഭ്യര്‍ഥിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പ്രതിപക്ഷനേതാവിനെ നേരില്‍ കണ്ട് പരാതിയറിയിച്ചു. ഫ്ലാറ്റ് ഉടമകളായ ജോസഫ് ചാക്കോ, ജോയി പ്രസാദ്, ഡി മാനുവേല്‍, അഡ്വ. കെ സി ഫിലിപ്പ് എന്നിവര്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ ഷാനിമോളുടെ ഫ്ലാറ്റ് തട്ടിപ്പ് വിവരം പുറത്തുവിട്ടതോടെ കൂടുതല്‍ പേര് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇതിനു പിന്നാലെയാണു ഫ്ളാറ്റുകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെ വീട്ടിലേക്ക് പ്രവാസി നിക്ഷേപകര്‍ മാര്‍ച്ച് നടത്തിയത്.ഫ്ളാറ്റുകള്‍ വിട്ടുതരാന്‍ തയ്യാറായില്ലെങ്കില്‍ ഷാനിമോള്‍ ഉസ്മാന്റെ വീടിനുമുന്നില്‍ മരണം വരെയും സത്യഗ്രഹം നടത്തുമെന്നും അവര്‍ മത്സരിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ പോയി നിരാഹാരം കിടക്കുമെന്നും നിക്ഷേപകര്‍ പറഞ്ഞു.
ഇന്നലെ രാവിലെ 10.30 ഓടെ കലക്ടറേറ്റിന് മുന്നില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഷാനിമോള്‍ ഉസ്മാന്റെ വീടിന് മുന്നിലേക്ക് എത്തുന്നതിനുമുന്പായി പൊലീസ് തടഞ്ഞു. തുടര്‍ന്ന് നിക്ഷേപകര്‍ ധര്‍ണ നടത്തിയാണ് പിരിഞ്ഞത്. നിക്ഷേപകരായ കെ സി ഫിലിപ്പ്, ജോയ് പ്രസാദ്, ജോര്‍ജി ജോണ്‍, അഹമ്മദ് മുല്ല, നോബിള്‍ മാത്യു, ജോസഫ് അരൂജ എന്നിവര്‍ സംസാരിച്ചു.
#ShanimolUsman, #CongressNews, #KeralaPolitics, #FlatScam, #AlappuzhaNews, #NRIInvestorIssue, #PinarayiVijayan, #VDSatheesan, #KPCC, #ShanimolUsmanScam, #RealEstateFraud, #PravasiComplaint, #KeralaCongress, #Election2026, #BreakingNewsKerala, #PoliticalControversy, #CrownPlazaFlat, #SeekHotels, #InvestorProtest, #KeralaPolice, #LatestMalayalamNews, #CorruptionAllegation, #UDFKerala






