NEWSSports

മത്സരത്തിനിടെ അതിക്രമിച്ച് കയറി പ്രതിഷേധിച്ചയാളെ എടുത്ത് ഗ്രൗണ്ടിന് പുറത്തിട്ട് ബെയര്‍സ്റ്റോ

ലണ്ടന്‍: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ആരാധകരുടെ കൈയടി സ്വന്തമാക്കി ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോ. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറി പ്രതിഷേധിച്ചയാളെ മത്സരം തടസ്സപ്പെടുത്താനനുവദിക്കാതെ ബെയര്‍സ്റ്റോ തടഞ്ഞു.

ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ എന്ന മുന്നേറ്റത്തിന്റെ ഭാഗമായാണ് രണ്ട് പേര്‍ ഗ്രൗണ്ടിലേക്ക് കയറിയത്. ഇംഗ്ലണ്ട് പന്തെറിയുന്നതിനിടെ ഗ്രൗണ്ടിന്റെ രണ്ട് ഭാഗത്തുനിന്നായി രണ്ടുപേര്‍ മത്സരം തടസ്സപ്പെടുത്താനായി വന്നു. ഓറഞ്ച് പവര്‍ പെയിന്റ് കൈയില്‍ കരുതിയാണ് ഇരുവരും ഗ്രൗണ്ടിലെത്തിയത്. ഇതോടെ മത്സരം നിര്‍ത്തിവെച്ചു.

ഗ്രൗണ്ടിന്റെ സ്‌ക്വയര്‍ ലെഗിലെത്തിയ പ്രതിഷേധക്കാരനെ പിച്ചില്‍ കയറാന്‍ അനുവദിക്കാതെ ബെയര്‍സ്റ്റോ വരിഞ്ഞുമുറുക്കി. തുടര്‍ന്ന് എടുത്തുകൊണ്ടുപോയി ഗ്രൗണ്ടിന് പുറത്തിട്ടു. ബെയര്‍സ്റ്റോയുടെ പ്രവൃത്തിയെ കാണികള്‍ നിറഞ്ഞ കൈയടിയോടെ വരവേറ്റു.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തിട്ടുണ്ട്. സ്റ്റീവ് സ്മിത്ത് 85 റണ്‍സെടുത്തും അലക്സ് ക്യാരി 11 റണ്‍സ് നേടിയും പുറത്താവാതെ നില്‍ക്കുന്നു. സ്മിത്തിന് പുറമേ ട്രവിസ് ഹെഡ് 73 ഉം, 66 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും തിളങ്ങി. ഇംഗ്ലണ്ടിനായി ജോ റൂട്ട്, ജോഷ് ടംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഓസ്ട്രേലിയ പരമ്പരയില്‍ മുന്നിലാണ്.

Back to top button
error: