IndiaNEWS

രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരില്‍; ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: കലാപ പശ്ചാത്തലത്തില്‍ കോണ്‍?ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരില്‍. ഇന്നും നാളെയും രാഹുല്‍ കലാപ മേഖല സന്ദര്‍ശിക്കും. ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം പ്രാദേശിക പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണ് രാഹുലിന്റെ ദ്വിദിന സന്ദര്‍ശന പരിപാടി അറിയിച്ചത്. ”ഏകദേശം രണ്ട് മാസമായി മണിപ്പൂര്‍ കത്തുകയാണ്, ഇതൊരു മാനുഷിക ദുരന്തമാണ്, വിദ്വേഷമല്ല, സ്‌നേഹത്തിന്റെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്”, അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മണിപ്പൂര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Back to top button
error: