KeralaNEWS

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണി വീട്ടിലെത്തി പ്രസവിച്ചു

മാന്നാര്‍: ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച ഗര്‍ഭിണിയായ യുവതി വീട്ടില്‍ പ്രസവിച്ചു.
ആലപ്പുഴ ചെന്നിത്തല – തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡില്‍ വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശി ദിലീപ് രാജിന്റെ ഭാര്യ പുലം ദേവി (32) യാണ് വാടക വീട്ടില്‍ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.
ചെന്നിത്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ഗര്‍ഭിണിയായ യുവതിയെ കണ്ടെത്തുകയും ആശുപത്രിയിലെത്തി ചികിത്സകള്‍ നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും യുവതിയും ഭര്‍ത്താവും സഹകരിച്ചില്ല. ശനിയാഴ്ച വാര്‍ഡ് മെമ്ബര്‍ അഭിലാഷ് തൂമ്ബിനാത്ത്, ജനമൈത്രി പൊലീസ് എന്നിവരുടെ ഇടപെടലില്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ച യുവതി സ്കാനിങ്ങും ചികിത്സയും നടത്തി ആരുമറിയാതെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.

തൊട്ടടുത്ത ദിവസം വൈകുന്നേരം കുഞ്ഞിന്റെ കരച്ചില്‍ കേട്ട സമീപവാസികള്‍ വാര്‍ഡ് മെമ്ബര്‍ അഭിലാഷ് തൂമ്ബിനത്തിനെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് മെമ്പറുടെ നേതൃത്വത്തിൽ 108 ആംബുലൻസ് വിളിച്ചുവരുത്തി അമ്മയേയും കുഞ്ഞിനേയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. 3.7 കിലോ ഗ്രാം ഭാരമുള്ള ആണ്‍കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു.

 

Signature-ad

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ബീഹാര്‍ സ്വദേശി ഭര്‍ത്താവ് ദിലീപ് രാജും മൂന്നും നാലും വയസുകളുള്ള രണ്ടു കുട്ടികളും ഒപ്പമുണ്ട്. ഏഴു വയസുള്ള മൂത്ത ആണ്‍കുട്ടി സ്വദേശത്താണുള്ളത്.

Back to top button
error: