CrimeNEWS

പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു; കൊലപ്പെട്ടത് കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി

ചെന്നൈ: തമിഴ്‌നാട് കടലൂരില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. പുതുച്ചേരി സ്വദേശി മതിയഴകനാണ് കൊല്ലപ്പെട്ടത്. ഭാര്യക്കെതിരേ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ത്രീയുടെ സഹോദരനെ കൊന്ന കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെയാണ് മതിയഴകന്‍ കൊല്ലപ്പെടുന്നത്. കടലൂര്‍ ജില്ലയിലെ തലഗുട പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ രണ്ടാമത്തെ കൊലപാതകമാണ് പ്രദേശത്തുണ്ടായത്.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശാന്തിയുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട മതിയഴകന്‍. കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ഞക്കുപ്പം ശിവക്ഷേത്രത്തില്‍ ഇയാള്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ക്ഷേത്രത്തിനു പുറത്തുവന്ന ഇയാളെ, അവിടെ കാത്തുനിന്ന ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇവരെ കണ്ടതോടെ മതിയഴകന്‍ ഓടി. പിന്നാലെ എത്തിയ അക്രമി സംഘം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ മതിയഴകനെ വെട്ടിക്കൊല്ലുകയായിരുന്നു.

Signature-ad

തലഗുട പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മതിയളകന്റെ ഭാര്യ ശാന്തിയും മസ്ലാമണി എന്ന സ്ത്രീയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഏതാനും വോട്ടുകളുടെ വ്യത്യാസത്തില്‍ ശാന്തി വിജയിച്ചു. പിന്നാലെ ഇരുവിഭാഗവും തമ്മില്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. കടക്കാട് ഗ്രാമത്തിലെ വീടും വള്ളങ്ങളും അഗ്‌നിക്കിരയാക്കി.

ഇതിനിടെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മസ്ലാമണിയുടെ സഹോദരന്‍ മതിവന്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ മതിയഴകന്‍ ഉള്‍പ്പെടെ പത്തു പേര്‍ അറസ്റ്റിലായിരുന്നു. ഗ്രാമത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ കഴിഞ്ഞ ദിവസമാണ് ഇവര്‍ ജാമ്യത്തില്‍ ഇറങ്ങിയത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗ്രാമത്തില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

 

Back to top button
error: