
തിരുവനന്തപുരം: വള്ളക്കടവില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. ഗവേണിങ് ബോഡിയംഗത്തിനും 17 വയസുകാരിക്കും പരിക്കേറ്റു. ഇരുവിഭാഗവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയതുറ പോലീസ് 16 പേര്‍ക്കെതിരേ കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
വള്ളക്കടവില്‍ 32 കുടുംബശ്രീ യൂണിറ്റുകളാണുള്ളത്. ഇതില്‍ വള്ളക്കടവിലെ വിനിതാ നാസര്‍, സറീന എന്നിവര്‍ നയിക്കുന്ന യൂണിറ്റുകളെ സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി താത്കാലികമായി പുറത്താക്കിയിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ മാസം വള്ളക്കടവ് എന്‍.എസ്.ഡിപ്പോയില്‍ നടന്ന കുടുംബശ്രീ വാര്‍ഷികത്തില്‍ പിരിവ് നല്‍കിയില്ലെന്ന് ആരോപിച്ച് ഇവരുടെ യൂണിറ്റിന്റെ പുതുക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ രണ്ട് യൂണിറ്റുകളും സി.ഡി.എസിനെ കണ്ട് പുതുക്കിത്തരാന്‍ ആവശ്യപ്പെട്ടുവെങ്കിലും നടത്തിക്കൊടുത്തിരുന്നില്ല.
ശനിയാഴ്ച വള്ളക്കടവ് പുത്തന്‍പാലം മേഖലയില്‍ അവിടത്തെ കുടുംബശ്രീ പ്രവര്‍ത്തകരുടെ യോഗം നടക്കുന്നുണ്ടായിരുന്നു. ഇവിടേക്കാണ് പുറത്താക്കപ്പെട്ട യൂണിറ്റുകാര്‍ സംഘം ചേര്‍ന്ന് ബഹളമുണ്ടാക്കിയത്.
ഇതിനിടയില്‍ തള്ളിക്കയറിയ ഗവേണിങ് അംഗം ഷാജിമോള്‍ക്ക് മര്‍ദനമേറ്റു. ഇതോടെ പുത്തന്‍പാലം മേഖലയിലെ പ്രവര്‍ത്തകര്‍ എതിര്‍പക്ഷവുമായി അടിയിലായി. ഇതിനിടയില്‍ അമ്മയെ തള്ളുന്നത് കണ്ട് ചോദ്യം ചെയ്ത വള്ളക്കടവ് സ്വദേശിയായ 17 വയസുകാരിയെ മുടിക്ക് പിടിച്ച് തള്ളി എതിര്‍ പക്ഷം മര്‍ദിച്ചു. ഇരുപക്ഷവും വലിയതുറ പോലീസില്‍ പരാതി നല്‍കി.






