
കോഴിക്കോട്: കുന്നമംഗലം ടൗണില്‍ വെയ്ബ്രിജിന് സമീപം പാര്‍ക്ക് ചെയ്ത ടാങ്കര്‍ ലോറിയില്‍നിന്നും നൈട്രജന്‍ വാതകം ചോര്‍ന്നത് ആശങ്ക പരത്തി. എന്നാല്‍, അപകട സാധ്യത ഇല്ലെന്ന് ഫയര്‍ഫോഴ്‌സ് സംഘം എത്തി ഉറപ്പുവരുത്തി. രാവിലെ ആറരയോടെ ആണ് ഐഐഎം ഗേറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ടാങ്കറില്‍നിന്നു വെള്ളപ്പുക പുറത്ത് വരുന്നത് യാത്രക്കാരുടെയും പട്രോളിങ് നടത്തുന്ന പൊലീസിന്റെയും ശ്രദ്ധയില്‍പെട്ടത്.
വാഹനത്തിലെ ജീവനക്കാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വെള്ളിമാടുകുന്ന് സ്േറ്റഷന്‍ ഓഫിസര്‍ അബ്ദുല്‍ ഫൈസിയുടെ നേതൃത്വത്തില്‍ 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘവും ലോറി ജീവനക്കാരും ചേര്‍ന്ന് വാല്‍വ് അടച്ച് ചോര്‍ച്ച തടഞ്ഞു. ബെംഗളൂരുവില്‍നിന്നു നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ റീഫില്‍ ചെയ്യുന്ന ടാങ്കര്‍ ലോറിയിലെ വാല്‍വിനാണു ചോര്‍ച്ചയുണ്ടായത്.
ടാങ്കറിനകത്തെ മര്‍ദം കൂടുമ്പോള്‍ ഓട്ടമാറ്റിക് സംവിധാനം വഴി ചെറിയ അളവില്‍ പുറത്തുവന്നതാണെന്നാണു ജീവനക്കാര്‍ പറയുന്നത്. ഈര്‍പ്പവും മാറിയ കാലാവസ്ഥയും മൂലം അന്തരീക്ഷത്തില്‍ വാതകം തങ്ങി നില്‍ക്കുന്നതിനാലാണു വലിയ ചോര്‍ച്ച ഉണ്ടായ തോന്നല്‍ ഉണ്ടായതെന്നും അധികൃതര്‍ വ്യക്തമാക്കി.






