CrimeNEWS

ഇത്രയൊക്കെ ക്രിമിനലായ ഒരാളെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാതിരുന്നത് എന്നതുകൊണ്ട് ? റാന്നിയിലെ കൊലപാതകം പോലീസിന്റെ വീഴ്ച തന്നെ

പത്തനംതിട്ട: റാന്നി കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി ബ്ലോക്ക് പടി വടക്കേടത്ത് വീട്ടില്‍ സത്യന്റെ മകൻ അതുല്‍ (29) പക്കാ ക്രിമിനൽ. ഒപ്പം മദ്യപിച്ച യുവാവിനെ കൊലപ്പെടുത്തിയ കേസിലും ലഹരി മരുന്ന് കടത്ത് കേസിലും പ്രതിയായ അതുല്‍ ജില്ലയിൽ കഞ്ചാവ് വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയായിരുന്നു.

അതുലിന്റെ മാതാവ് സുമ ഒരു യുവാവിനൊപ്പം ബൈക്കിലെത്തി നീലംപ്ലാവ് ജങ്ഷനിലുള്ള കോറ്റാത്തുര്‍ ഫെഡറല്‍ ബാങ്ക് ശാഖ കവര്‍ച്ച നടത്തി. സിസിടിവി സഹായത്തോടെ പൊലീസ് പ്രതികളെ പിടികൂടി. സുമ ജയിലില്‍ കഴിയുന്ന കാലത്താണ് പെയിന്റിങ് തൊഴിലാളിയും പിന്നീട് ഗള്‍ഫിലേക്ക് പോയതുമായ യുവാവിന്റെ ഭാര്യയുമായ കീക്കോഴൂര്‍ മലര്‍വാടി ഇരട്ടപ്പനയ്ക്കല്‍ രാജുവിന്റെ മകള്‍ രജിത മോളെ വിളിച്ചു കൊണ്ടു വന്ന് ഒപ്പം താമസം തുടങ്ങുന്നത്. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്.

കുടുംബ ജീവിതം തുടങ്ങിയതിന് ശേഷവും ഇയാള്‍ ക്രിമിനല്‍ പ്രവൃത്തികള്‍ തുടര്‍ന്നു. ലഹരിക്കച്ചവടമായിരുന്നു പ്രധാനം. മാതാവുമൊത്ത് അല്ലറ ചില്ലറ മോഷണവും നടത്തി. ഇടക്കാലത്ത് മാതാവ് എറണാകുളത്തുള്ള അതുലിന്റെ ഇരട്ട സഹോദരനൊപ്പം താമസമായിരുന്നു. അവിടെ നിന്ന് പിന്നീട് പത്തനാപുരത്തേക്ക് താമസം മാറ്റി. ഇവിടെ എത്തിച്ചാണ് കഴിഞ്ഞ ദിവസം അതുല്‍ രജിതയുടെ കഴുത്തില്‍ വാള്‍ വച്ച്‌ ഭീഷണിപ്പെടുത്തുന്ന വീഡിയോ ചിത്രീകരിച്ചത്. ഈ വിവരം ചൂണ്ടിക്കാണിച്ച്‌ റാന്നി പൊലീസില്‍ രജിതയുടെ അമ്മ ഗീത പരാതി നല്‍കിയെങ്കിലും തക്ക സമയത്ത് നടപടി എടുക്കാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Signature-ad

കോഴഞ്ചേരി, കീക്കോഴൂര്‍, വാഴക്കുന്നം, റാന്നി വഴി കണമല വരെയുള്ള കഞ്ചാവ് വിതരണം അതുല്‍ ആണ് നടത്തിയിരുന്നത്. ഇടയ്ക്ക് താൻ നല്‍കുന്ന ചെറിയ അളവ് കഞ്ചാവ് സംബന്ധിച്ച വിവരം ഇയാള്‍ പൊലീസിന് ചോര്‍ത്തി നല്‍കിയിരുന്നു. അങ്ങനെ ചില്ലറ വില്‍പ്പനക്കാരില്‍ ചിലര്‍ പിടിയിലാവുകയും ചെയ്തു. ഇതിനിടെയാണ് മദ്യലഹരിയില്‍ കൊലപാതകം അതുല്‍ നടത്തിയത്. ബ്ലോക്ക് പടി സ്വദേശിയായ പൊന്നി കണ്ണൻ എന്ന് അറിയപ്പെടുന്ന രാജീവിനെയാണ് മദ്യപാനത്തിനിടെ കൊലപ്പെടുത്തിയത്. സ്വന്തം വീട്ടില്‍ വച്ച്‌ ക്രൂരമായി മര്‍ദിച്ചായിരുന്നു കൊലപാതകം. ഈ കേസില്‍ റിമാൻഡിലായിരുന്ന അതുലിനെ വീട്ടുകാര്‍ ജാമ്യത്തില്‍ പുറത്തു കൊണ്ടു വന്നിരുന്നു. അതിന് ശേഷവും ലഹരി കടത്ത് തുടര്‍ന്നു.

 

കഞ്ചാവുമായി വരുന്നതിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്‌ അപകടം ഉണ്ടായി. വള്ളിക്കുന്ന പൊലീസ് സ്റ്റേഷൻ അതിര്‍ത്തിയില്‍ നടന്ന അപകടത്തില്‍ കൈയിലുണ്ടായിരുന്ന രണ്ടു കിലോ കഞ്ചാവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇത്രയൊക്കെ ക്രിമിനലായ ഒരാളെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കേണ്ടതായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസിന്റെയും എക്സൈസിന്റെയും നോട്ടപ്പുള്ളി ആയിരുന്നിട്ടും അതുല്‍ നിര്‍ബാധം ലഹരി മരുന്ന് കടത്തുന്നുണ്ടായിരുന്നു.

Back to top button
error: