KeralaNEWS

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും ഇ.ഡി റെയ്ഡ്

കൊച്ചി: ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ വീട്ടിലും ഔദ്യോഗിക വസതികളിലും ഇ.ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ്. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെ വീട്ടിലും കൊച്ചിയിലേയും ഡല്‍ഹിയിലേയും ഔദ്യോഗിക വസതികളിലുമാണ് റെയ്ഡ് നടന്നത്. ഫൈസലുമായി ബന്ധപ്പെട്ട് കോഴിക്കോട് ബേപ്പുരുള്ള സ്ഥാപനത്തിലും റെയ്ഡ് നടന്നു. നാല് കേന്ദ്രങ്ങളിലും ഒരേ സമയത്തായിരുന്നു പരിശോധന. ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി നടപടി.

എം.പി വീട്ടിലുള്ള സമയത്തായിരുന്നു ഇ.ഡി പരിശോധന. എം.പിയുമായി ബന്ധപ്പെട്ട ചില വസ്തുവകകളുടെ രേഖകളും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകളും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കി.

Signature-ad

ബേപ്പൂരില്‍ നിന്ന് ചരക്ക് ലക്ഷദ്വീപിലേക്ക് കയറ്റി അയക്കുന്ന കോറല്‍ ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. മുഹമ്മദ് ഫൈസലിന്റെ അമ്മാവന്റെ മക്കളായ സെയ്ത്, മമ്മു എന്നിവരും മറ്റൊരു ബന്ധുവായ യഹിയയും നടത്തുന്ന സ്ഥാപനമാണിത്. സി.ആര്‍.പി.എഫ്. സംഘത്തോടൊപ്പമാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്. ബേപ്പൂര്‍ പോലീസോ, സ്പെഷല്‍ ബ്രാഞ്ചോ റെയ്ഡ് വിവരം അറിഞ്ഞില്ല.

ലക്ഷദ്വീപിലെ സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥരും ഫൈസലുമായി ചേര്‍ന്ന് ടെന്‍ഡറിലും മറ്റും ക്രമക്കേടുകള്‍ നടത്തി ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി ചെയ്തെന്നതാണ് കേസ്. ഈ കേസില്‍ മുഹമ്മദ് ഫൈസലാണ് ഒന്നാം പ്രതി. നേരത്തെ 2016-17 കാലത്ത് സിബിഐയും സംഭവത്തില്‍ കേസെടുത്ത് പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇഡിയും കേസെടുത്ത് നടപടികളിലേക്ക് നീങ്ങിയത്.

Back to top button
error: