ബംഗളൂരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക്. ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് മദനി എത്തുന്നത്. നാളെ വൈകിട്ട് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തില്‍ എറണാകുളത്തെത്തും. തുടര്‍ന്ന് കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കും. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്.
അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൊണ്ട് ബംഗളൂരു കമ്മിഷണര്‍ ഓഫീസില്‍ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. യാത്രയ്ക്ക് കൃത്യം ചെലവ് എത്ര നല്‍കണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നല്‍കുമെന്ന് പോലീസ് അറിയിച്ചു. മദനിയുടെ യാത്രാ ചെലവുകളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയേക്കുമെന്നാണ് സൂചന. ജൂലൈ ഏഴിന് ബംഗളൂരുവിലേക്ക് മടങ്ങും.
ബംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതിയാണ് താല്‍ക്കാലിക അനുമതി നല്‍കിയത്. കര്‍ണാടക പോലീസിന്റെ സുരക്ഷയിലാണ് മദനി കേരളത്തിലേക്കു പോകേണ്ടതെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ജൂലൈ 8 വരെ കേരളത്തില്‍ തങ്ങാമെന്നും സുരക്ഷയ്ക്കുള്ള ചെലവു മദനി തന്നെ വഹിക്കണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതുപ്രകാരം സുരക്ഷയ്ക്കും പോലീസ് അകമ്പടിക്കുമായി 54.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കര്‍ണാടക പോലീസ് നിര്‍ദ്ദേശിച്ചു. ഇതോടെ യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു. കര്‍ണാടകയില്‍ ഭരണം മാറിയതോടെയാണ് മഅദനിയുടെ യാത്രയില്‍ നീക്കുപോക്കുണ്ടായത്.