കൊച്ചി: ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറി നില്‍ക്കുമെന്ന് കെ സുധാകരന്‍. അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന്, മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ സുധാകരന്‍ പറഞ്ഞു. കേസില്‍ ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സുധാകരനെ ഹൈക്കോടതി നിര്‍ദേശപ്രകാരം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.
പാര്‍ട്ടിക്കു ഹാനികരമാവുന്ന ഒന്നിനും താന്‍ നില്‍ക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. നൂറു ശതമാനം നിരപരാധിയാണെന്ന ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഒരു മടിയുമില്ലെന്നു സുധാകരന്‍ പറഞ്ഞു.
ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ഇന്നലെ വൈകിട്ട് സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ മോചിപ്പിച്ചു. തനിക്കെതിരെ പൊലീസിന്റെ പക്കല്‍ ഒരു തെളിവുമില്ലെന്നു ജാമ്യം ലഭിച്ച ശേഷം സുധാകരന്‍ പ്രതികരിച്ചിരുന്നു. ”കേസ് നടക്കട്ടെ. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. കേസിന്റെ മെറിറ്റും ഡീ മെറിറ്റും കോടതി വിലയിരുത്തട്ടെ. അതിനെ ഞാന്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണ്. എവിടെയും ഒളിക്കില്ല. നല്ല ആത്മവിശ്വാസവുമുണ്ട്.
എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ല. ചോദ്യം ചെയ്യലിനു ശേഷമാണ് അക്കാര്യം മനസിലായത്. ഏത് പ്രതിസന്ധിയേയും നേരിടും. ആശങ്കയും ഭയപ്പാടുമില്ല” -സുധാകരന്‍ വ്യക്തമാക്കി.
മോന്‍സനെ തള്ളാത്തത് സംബന്ധിച്ചുള്ള ചോദ്യത്തിനു സുധാകരന്‍ മറുചോദ്യമുന്നയിച്ചു. ”മോന്‍സന് ആജീവനാന്ത ശിക്ഷ ലഭിച്ചു. ഇനി അയാള്‍ക്കെതിരെ എന്താണ് ഞാന്‍ ചെയ്യേണ്ടത്” -സുധാകരന്‍ ചോദിച്ചു.