LIFELife Style
സ്റ്റീൽ പാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇങ്ങനെ ചെയ്യാം
അടുക്കളയിലെ ജോലികൾ അത് പാചകമായാലും പാത്രങ്ങൾ വൃത്തിയാക്കുന്നതായാലും നിസാരമായ ജോലിയാണെന്നാണ് പലരും കണക്കാക്കാറ്. എന്നാൽ സത്യത്തിൽ അടുക്കള ജോലിയും സാമാന്യം പ്രയാസമുള്ള ജോലി തന്നെയാണ്. അതും പതിവായി ചെയ്യുകയെന്നാൽ. ഒന്നാമത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ് അടുക്കള ജോലി. കണ്ണൊന്ന് തെറ്റിയാൽ ഭക്ഷണവും കേടാകും, പാത്രങ്ങളും വൃത്തികേടാകും. ഇത്തരത്തിൽ കരിഞ്ഞുപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാനാണെങ്കിൽ ഇരട്ടി സമയവും അധ്വാനവും വേണം. എന്തായാലും സ്റ്റീലിൻറെ പാത്രങ്ങൾ എല്ലാ കറയുമിളക്കി പെട്ടെന്ന് തന്നെ വൃത്തിയാക്കിയെടുക്കാൻ സഹായിക്കുന്ന ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
- സ്റ്റീൽ പാത്രങ്ങൾ അടിക്ക് പിടിച്ച് കരിഞ്ഞത് വൃത്തിയാക്കാൻ ആണ് ഏറ്റവും പാട് തോന്നുക. പ്രത്യേകിച്ച് പാൽപ്പാത്രങ്ങൾ, ചായപ്പാത്രങ്ങളൊക്കെ. ഇവയെല്ലാം എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാൻ ഇതിൽ നിറയെ വെള്ളമെടുത്ത് അൽപനേരം ചെറിയ തീയിൽ അടുപ്പിൽ വയ്ക്കുക. ശേഷം തീ അണച്ച് , ഇതൊന്ന് ആറാൻ വയ്ക്കാം. ശേഷം സ്ക്രബും സോപ്പോ ലിക്വിഡോ എന്താണെങ്കിലും ഇവ ഉപയോഗിച്ച് വളരെ സിമ്പിളായി തേച്ച് വൃത്തിയാക്കിയെടുക്കാം.
- ബേക്കിംഗ് സോഡ ഉപയോഗിച്ച് സ്റ്റീൽ പാത്രങ്ങൾ വൃത്തിയാക്കിയാലും പെട്ടെന്ന് ജോലി തീരും. രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ അൽപം ചൂടുവെള്ളത്തിൽ കലർത്തി ഈ മിശ്രിതം പാത്രത്തിലേക്ക് പകരുക. അൽപനേരം വച്ച ശേഷം സ്ക്രബ്ബുപയോഗിച്ച് തേച്ചുരച്ച് എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാം.
- വിനാഗിരിയും പാത്രങ്ങൾ വൃത്തിയാക്കുന്നതിനായി ആശ്രയിക്കാവുന്നൊരു ലായനിയാണ്. ഒരു ബോട്ടിൽ വിനാഗിരിയുടെ മൂന്നിലൊരു ഭാഗം എടുത്ത് പാത്രത്തിലൊഴിച്ച് അൽപമൊന്ന് ചൂടാക്കുക. ആറിയ ശേഷം സ്ക്രബ്ബുപയോഗിച്ച് ഉരച്ച് കഴുകിയെടുക്കാം.
- വിനാഗിരിയെ പോലെ തന്നെ ഉപയോഗിക്കാവുന്നതാണ് ചെറുനാരങ്ങാനീരും. ഇതിൽ അൽപം ബേക്കിംഗ് സോഡ കൂടി ചേർക്കുന്നതാണ് നല്ലത്. രണ്ട് ടേബിൾസ്പൂൺ ബേക്കിംഗ് സോഡയും അൽപം ചെറുനാരങ്ങാനീരും ഒരുമിച്ച് യോജിപ്പിച്ച് ഇത് കറയുള്ള പാത്രത്തിൽ തേക്കുക. 10-15 മിനുറ്റ് വച്ച ശേഷം സ്ക്രബ്ബുപയോഗിച്ച് വൃത്തിയാക്കിയെടുക്കാവുന്നതേയുള്ളൂ.
- സ്റ്റീൽ പാത്രങ്ങളിൽ വെള്ളത്തിൻറെ തന്നെ കറ പറ്റാറുണ്ട്. ഇതൊഴിവാക്കാൻ പാത്രങ്ങൾ വൃത്തിയാക്കിയ ശേഷം സോഫ്റ്റായ കോട്ടൺ തുണി കൊണ്ട് പാത്രം നല്ലതുപോലെ തുടച്ചുവയ്ക്കുക.