LocalNEWS

ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് പത്ത് പവന്‍ സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുത്ത യുവാവ് ബത്തേരിയിൽ അറസ്റ്റിൽ

   ആഡംബര റിസോര്‍ട്ടിലെ താമസക്കാരനെന്ന വ്യാജേന ജ്വല്ലറി ജീവനക്കാരെ വിളിച്ചുവരുത്തി കബളിപ്പിച്ച് പത്ത് പവന്‍ സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുത്ത യുവാവിനെ വയനാട് ബത്തേരി സി.ഐ എം.എ സന്തോഷും സംഘവും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി.

കോഴിക്കോട് തിക്കോടി സ്വദേശി വടക്കേ പുരയില്‍ റാഹില്‍ (28) ആണ് പിടിയിലായത്. ഇന്നലെയാണ് തട്ടിപ്പിനിടയായ സംഭവം നടന്നത്. ബത്തേരിയിലെ ഹോട്ടലില്‍ താമസിച്ചു കൊണ്ട് സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചെന്ന് അവിടുത്തെ താമസക്കാരനായി അഭിനയിച്ചാണ് റാഹില്‍  തട്ടിപ്പ് നടത്തിയത്. പ്രമുഖ വ്യവസായിയുടെ ബന്ധുവാണെന്ന് വ്യാജേന ബത്തേരിയിലെ ഒരു ജ്വല്ലറിയില്‍ വിളിച്ച് 10 സ്വര്‍ണനാണയങ്ങള്‍ ആവശ്യപ്പെടുകയും, സ്വര്‍ണ്ണം ബില്ല് ചെയ്തശേഷം റിസോര്‍ട്ടിലേക്ക് കൊണ്ടുവന്നാല്‍ മതി എന്ന് പറയുകയായിരുന്നു.

ഇതുപ്രകാരം ജ്വല്ലറി ജീവനക്കാര്‍ റിസോര്‍ട്ടില്‍ എത്തി റാഹിലിന് സ്വര്‍ണ്ണനാണയങ്ങള്‍ കൈമാറുകയും ചെയ്തു. പിന്നിട് ഇയാള്‍ തന്ത്രപൂര്‍വ്വം മുങ്ങുകയുമായിരുന്നു. മുന്‍പും സമാന തട്ടിപ്പുകള്‍ ചെയ്തയാളാണ് റാഹില്‍. സി സി ടി വി ദൃശ്യ പ്രകാരം മോഷ്ടാവിനെ തിരിച്ചറിഞ്ഞ പോലീസ് പ്രതിയുടെ ഫോട്ടോകള്‍ പ്രചരിപ്പിക്കുകയും, തുടര്‍ന്ന് ഇയാള്‍ കോഴിക്കോടേക്ക് മുങ്ങാനുള്ള ശ്രമത്തിനിടെ ടാക്‌സി ഡ്രൈവര്‍ക്ക് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുന്ദമംഗലത്തിന് സമീപം വെച്ച് നാട്ടുകാരുടെ സഹായത്തോടെ ഡ്രൈവര്‍ പ്രതിയെ പോലീസിന് കൈമാറുകയുമായിരുന്നു.

Back to top button
error: