വടക്കു കിഴക്കൻ ഇന്ത്യയിലെ ആത്മീയവും സാംസ്കാരികവുമായ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് കാമാഖ്യ ദേവി ക്ഷേത്രത്തിലെ അംബുബാച്ചി മേള.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നേപ്പാളും ഭൂട്ടാനും ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുവരെ വിശ്വാസകള്‍ എത്തിച്ചേരുന്ന ഈ ആഘോഷത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. സ്ത്രീയേയും ശക്തിയേയും ആരാധിക്കുന്ന അത്യപൂര്‍വ്വ ക്ഷേത്രത്തിലെ അപൂര്‍വ്വതകള്‍ നിറഞ്ഞ അംബുബാച്ചി മേളയെക്കുറിച്ചറിയാം.
അസമിലെ ഗുവാഹത്തിയില്‍ നിലാചല്‍ കുന്നുകള്‍ക്കു മുകളില്‍ വിശ്വാസത്തിന്‍റെയും ഭക്തിയുടേയും പ്രതീകമായി തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രമാണ് കാമാഖ്യ ദേവി ക്ഷേത്രം. ശക്തിപീഠ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മറ്റൊരുടത്തും കാണാൻ സാധിക്കാത്ത തരത്തിലുള്ള പ്രതിഷ്ഠയും വിശ്വാസവും ആചാരങ്ങളും കാണാം.യോനിയെ ആരാധിക്കുന്ന ലോകത്തിലെ തന്നെ ഏക ക്ഷേത്രമാണിത്.
ഇവിടുത്തെ ദേവി രജസ്വലയാവുക അഥവാ ആര്‍ത്തവം നടക്കുന്ന ദിവസങ്ങളാണ് അംബുബാച്ചി മേളയെന്ന പേരില്‍ ആഘോഷിക്കുന്നത്. കാമാഖ്യ ക്ഷേത്രത്തിലെ വാര്‍ഷിക മേളയായ ഇതില്‍ പതിനായിരക്കണക്കിനാളുകളാണ് പങ്കെടുക്കുവാനെത്തുന്നത്. മൂന്നു ദിവസം ദേവി രജസ്വലയാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളില്‍ ക്ഷേത്രകവാടങ്ങള്‍ അടഞ്ഞു കിടക്കും. വിശ്വാസികള്‍ ഈ സമയത്ത് ക്ഷേത്രത്തിനു വെളിയില്‍ പ്രാര്‍ത്ഥനകളും ആഘോഷങ്ങളുമായി ചിലവഴിക്കും.
2023 ലെ അംബുബാച്ചി മേള ജൂണ്‍ 22 മുതല്‍ 25 വരെ ആഘോഷിക്കും. ജൂണ്‍ 22-ന് പുലര്‍ച്ചെ 2:30 നാണ് മേള ആരംഭിക്കുന്നത്.ജൂണ്‍ 23, 24, 25 തീയതികളില്‍ ക്ഷേത്രത്തിന്റെ പ്രധാന വാതില്‍ അടച്ചിടുകയും ജൂണ്‍ 26 തിങ്കളാഴ്ച തുറക്കുകയും ചെയ്യുന്ന വിധത്തിലാണ് ഈ വര്‍ഷത്തെ ചടങ്ങുകള്‍.
കേരളത്തിലും
ദേവിയുടെ ആര്‍ത്തവം ആഘോഷിക്കുന്നത് കാമാഖ്യയില്‍ മാത്രമല്ല. കേരളത്തിലെ ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില പാര്‍വ്വതി ദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധമാണ്. വര്‍ഷത്തില്‍ പലതവണ ഇവിടെ ദേവി രജസ്വലയാകുമെന്നാണ് വിശ്വാസം. ഇങ്ങനെ കണ്ടാല്‍ മൂന്നു നാള്‍ പടിഞ്ഞാറേ നട അടച്ചിട്ട് തുടര്‍ന്ന് നാലാമത്തെ ദിവസം ദേവിയെ മിത്രപ്പുഴക്കടവില്‍ ആറാട്ടിന് എഴുന്നള്ളിക്കുന്ന വിധത്തിലാണ് ചടങ്ങ്. തിരിച്ച് വരുന്ന ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കാൻ ചെങ്ങന്നൂരപ്പൻ ആനക്കൊട്ടിലിലേക്ക് എഴുന്നള്ളുമെന്നും വിശ്വസിക്കുന്നു.