KeralaNEWS

മേപ്പയൂരില്‍നിന്ന് കസ്റ്റഡിയിലെടുത്ത വിദ്യയെ അഗളിയില്‍ എത്തിച്ചു; അറസ്റ്റ് രേഖപ്പെടുത്തും

കോഴിക്കോട്: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ കസ്റ്റഡിയിലെടുത്ത എസ്എഫ്‌ഐ മുന്‍ നേതാവ് കെ.വിദ്യയെ അഗളിയില്‍ എത്തിച്ചു. കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് അഗളി പോലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് എത്തിച്ച വിദ്യയെ, രാത്രി പന്ത്രണ്ടരയോടെയാണ് അഗളി ഡിവൈ.എസ്.പി. ഓഫീസില്‍ എത്തിച്ചത്. രാവിലെ വിശദമായി ചോദ്യം ചെയ്തശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഉച്ചയോടെ വിദ്യയെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.

കേസ് രജിസ്റ്റര്‍ ചെയ്ത് പതിനാറാം ദിവസമാണ് വിദ്യ പിടിയിലാകുന്നത്. വിദ്യയെ കണ്ടെത്തുന്നതിനുള്ള പോലീസിന്റെ മെല്ലെപ്പോക്കിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഹൈക്കോടതി കെ.വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.

Signature-ad

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിനിയായ കെ.വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.

മഹാരാജാസ് കോളജില്‍ നേരത്തെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കികൊണ്ടുള്ള രേഖയായിരുന്നു വിദ്യ സമര്‍പ്പിച്ചത്. രേഖയില്‍ സംശയം തോന്നിയതോടെ കോളജ് അധികൃതര്‍ മഹാരാജാസ് കോളജിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കോളജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയത്. മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയാണ് വിദ്യ.

വ്യാജ രേഖയുണ്ടാക്കിയ കുറ്റത്തിന് ഐ.പി.സി. 471, 465 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിദ്യക്കെതിരേ കേസെടുത്തത്. വ്യാജരേഖ കേസില്‍ കാസര്‍കോട് ജില്ലയിലും വിദ്യയ്‌ക്കെതിരേ കേസുണ്ട്. കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് നീലേശ്വരം പോലീസ് വിദ്യയ്‌ക്കെതിരേ കേസെടുത്തിരിക്കുന്നത്.

 

Back to top button
error: