ന്യൂഡല്‍ഹി: തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗര്‍ഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈയ് 12 ലേക്ക് മാറ്റി. കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ജൂലൈയ് ഏഴിനകം മറുപടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തില്‍ സുപ്രീംകോടതി പരാമര്‍ശം നടത്തിയത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയ്ക്കായി അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി പരാമര്‍ശിച്ചത്. തെരുവുനായ ആക്രമണം രൂക്ഷമായ വിഷയമാണെന്നും തെരുവുനായയുടെ ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി നിഹാല്‍ മരിച്ച കാര്യം അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. അടിയന്തര നടപടി ഈക്കാര്യത്തില്‍ കോടതിയില്‍ നിന്ന് ഉണ്ടാകണമെന്ന് അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് ഇത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
അതേസമയം, സംസ്ഥാനത്ത് തെരുവുനായ ആക്രണം കൂടിവരികയാണ്. കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തില്‍ ഗുരുതരമായി പരുക്കെറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നാം ക്ലാസുകാരി ജാന്‍വി അപകട നില തരണം ചെയ്തു. കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷിതാക്കള്‍ ഓടിയെത്തിയതിനാലാണ് വന്‍ അപകടം ഒഴിവായത്. ഏതാനും ദിവസം മുന്‍പാണ് ഇതേ പഞ്ചായത്തിലാണ് 11 വയസുകാരന്‍ നിഹാല്‍ നൗഷാദിനെ തെരുവ് നായകള്‍ കടിച്ചു കൊന്നത്.