KeralaNEWS

അവയവദാന കച്ചവടം:ഡോ.ജോ ജോസഫ് എഴുതുന്നു

രാഴ്ചയായി നിറഞ്ഞ സദസ്സിൽ  കൈയ്യടികളോടെ  പ്രദർശനം തുടരുകയാണ് ‘മാഫിയവധം’ നാടകം.
 പറഞ്ഞുവരുന്നത് 2009 ൽ എറണാകുളത്തെ  ഒരു ആശുപത്രിയിൽ നടന്ന ഒരു മസ്തിഷ്ക മരണ   സർട്ടിഫിക്കേഷനെയും അവയവദാനത്തെയും പറ്റി സംശയം ഉയർന്നതിനെ തുടർന്ന് പ്രഥമദൃഷ്ടിയാ കേസെടുക്കാൻ കോടതി വിധിക്കുകയും ,അതിനെ തുടർന്ന് വൈദ്യസമൂഹത്തെ ആകമാനവും, പ്രത്യേകിച്ച് അവയവമാറ്റ ശസ്ത്രക്രിയ ചെയ്യുന്നവരെയും ,തികച്ചും മോശമായ രീതിയിൽ വക്രീകരിച്ചു ചിത്രീകരിക്കുന്ന സാഹചര്യത്തെ കുറിച്ചാണ്.
പ്രസ്തുത കേസ് കോടതി പരിഗണിക്കുന്ന വിഷയമായതുകൊണ്ട്  അതേക്കുറിച്ച് പ്രതികരിക്കുന്നത് ഉത്തമമായിരിക്കില്ല. എങ്കിലും ചില കാര്യങ്ങൾ വ്യക്തമാക്കുന്നത് ഉചിതവുമായിരിക്കുമെന്ന് തോന്നുന്നു.
18 വയസ്സ് മാത്രമുള്ള ഒരു ചെറുപ്പക്കാരനെ അവയവങ്ങൾ തട്ടിയെടുക്കുക എന്ന് ഉദ്ദേശത്തോടുകൂടി കൊന്നു കളയാൻ മാത്രം കണ്ണിൽ ചോര ഇല്ലാത്ത കിരാത കൂട്ടമാണ്  കേരളത്തിലെ വൈദ്യ സമൂഹം എന്ന് നിങ്ങൾ കരുതുന്നുണ്ടോ?പ്രസ്തുത കേസിൽ പ്രതിചേർക്കപ്പെട്ടവരിൽ 2 പതിറ്റാണ്ടിലേറെ  പരിചയമുള്ള ചിലരുണ്ട്.  അവർ ഒരു മാഫിയ സംഘത്തിന്റെയും ഭാഗമായി പ്രവർത്തിക്കുന്നവരല്ല എന്ന കാര്യം എനിക്ക് ഉറപ്പുണ്.
വൈദ്യശാസ്ത്രം മറ്റ് ശാസ്ത്ര ശാഖകളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത് അത് ഒരു  absolute അഥവാ pure സയൻസ് അല്ല എന്നത് കൊണ്ടു കൂടെയാണ്. അതു കൊണ്ടു തന്നെ  രോഗ നിർണ്ണയ ത്തിലും ചികൽസയിലും പുതിയ പഠനങ്ങളുടെയും കണ്ടെത്തലുകളുടെയും  അടിസ്ഥാനത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയും ചെയ്യും. ചിലപ്പോൾ പണ്ട് ഫലപ്രദമല്ല എന്ന് നിരീക്ഷിച്ച് എഴുതിത്തള്ളിയ പല മരുന്നുകളും ചികിത്സകളും പിന്നീട് ഫലപ്രദമെന്ന് കണ്ടെത്തുകയും ഉപയോഗിക്കപ്പെടുകയും വരെ ചെയ്യാറുണ്ട്.ഉദാഹരണത്തിന് ശാരീരികവും ജനിതകവുമായ വൈകല്യങ്ങൾ  ഉണ്ടാക്കുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ മുമ്പ് നിരോധിച്ചിരുന്ന താലിഡോമൈഡ്  എന്ന മരുന്ന് ഇപ്പോൾ മൾട്ടിപ്പിൾ മൈലോമ എന്ന രോഗത്തിൻറ ചികൽസയിലെ ഒന്നാം നിര മരുന്നുകളിൽ ഒന്നാണ്. ഒരേ രോഗത്തിന്റെ ചികിത്സയെ സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ  പോലും വ്യത്യസങ്ങൾ ഉണ്ടാകാം. ഉദാഹരണത്തിന് ഹാർട്ട് അറ്റാക്കിന്റെ ചികിത്സയെ സംബന്ധിച്ചു അമേരിക്കൻ കോളേജ് ഓഫ് കാഡിയോളജി ഗൈഡ് ലൈൻസും യൂറോപ്പ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയും ഗൈഡ് ലൈൻസും തമ്മിൽ പോലും വ്യത്യാസങ്ങളുണ്ട്. ഓരോ രാജ്യങ്ങളിലും  സമൂഹങ്ങളിലും ലഭ്യമായ സൗകര്യങ്ങളുടെയും മരുന്നുകളുടെയും ചികിത്സ സംവിധാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഓരോ പ്രൊഫഷണൽ സംഘടനകളും മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കാറുള്ളത്.
അതുപോലെതന്നെയാണ് മസ്തിഷ്ക മരണ  ഡിക്ലറേഷന്റെ കാര്യത്തിലും. ചില മാർഗ്ഗനിർദ്ദേശങ്ങളിൽ അപ്നിയ ടെസ്റ്റ് നിർബന്ധമാണെങ്കിൽ മറ്റു ചില മാർഗ്ഗനിർദേശങ്ങളിൽ  മാൻഡേറ്ററി യായി കണക്കാക്കിയിട്ടില്ല. കേരളത്തിലെ സാഹചര്യത്തിലേക്ക് വരികയാണെങ്കിൽ പ്രസ്തുത സംഭവം നടന്നത് 2009ലാണ്. കാര്യമായി അവയവദാനങ്ങളോ അവയവ മാറ്റ ശാസ്ത്ര ക്രിയകളോ  നടക്കാത്ത കാലമായിരുന്നു അത്‌ അതുകൊണ്ടുതന്നെ ഇവയെ നിയന്ത്രിക്കുന്നതിനോ മേൽനോട്ടം വഹിക്കുവാനോ സർക്കാർ സംവിധാനങ്ങൾ ഒന്നുമില്ലായിരുന്നു.  2012 ലാണ് ഈ ലക്ഷ്യം മുൻനിർത്തി  കെ. എൻ. ഓ. എസ് (Kerala Network of Organ Sharing) സ്ഥാപിതമാകുന്നത്. പിന്നീട് സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ നിരീക്ഷണവും ഇടപെടലുകളും ഉണ്ടായി.  മസ്തിഷ്ക മരണ സർട്ടിഫിക്കേഷന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ വന്നു. സർക്കാർ മേഖലയിൽ നിന്നുള്ള  ഡോക്ടർമാരുടെ സാന്നിധ്യം ഇത്തരം കമ്മറ്റികളിൽ ഉറപ്പാക്കി. ഓരോ പ്രാവശ്യവും സംശയങ്ങൾ ഉയർന്നപ്പോൾ  മാർഗ്ഗനിർദേശങ്ങൾ കൂടുതൽ കർക്കശമാക്കി. മസ്തിഷ്ക മരണ സർട്ടിഫിക്കേഷന്‍ നടത്തുന്നതു  വീഡിയോ റെക്കോർഡിങ്ങ്  വരെ ചെയ്യണം എന്ന് വരെ ഉള്ള കർശന നിബന്ധനകൾ ഇപ്പോൾ ഉണ്ട്. കെ എൻ ഓ എസിനെ  പുനക്രമീകരിച്ച് കെ സോട്ടോ (K-SOTTO) ആക്കി മാറ്റിയത് ഈയിടെയാണ്. ഏതുതരം അവയവമാറ്റ ശസ്ത്രക്രിയ ആണെങ്കിലും കെ സോട്ടോ  വഴി അനുമതി നേടിയതിനു ശേഷം മാത്രമേ നടക്കൂ. അത്ര  സുതാര്യവും അതേ സമയം  കർശനവുമായ നിയന്ത്രണങ്ങൾക്കുള്ളിൽ നടത്തപ്പെടുന്നതാണ് കേരളത്തിലെ  അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും.
ഒരുകാലത്ത് ഇന്ത്യയിൽ തമിഴ്നാട് കഴിഞ്ഞാൽ ഏറ്റവുമധികം  അവയവദാനങ്ങൾ നടന്നിരുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാൽ ഏതാനും വർഷങ്ങളായി ഈ കാര്യത്തിൽ കേരളം വർഷാവർഷം പിറകോട്ടാണ്. ഇപ്പോഴത്തെ സംഭവങ്ങളോടുകൂടി  ഈ കാര്യത്തിൽ  ഇനി എന്ത് സംഭവിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഈ വിഷയത്തിൽ പരാതി  നൽകുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്ത വ്യക്തി മാധ്യമങ്ങളോട് പറഞ്ഞ ചില കാര്യങ്ങൾ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ ജനകവുമാണ്. മസ്തിഷ്ക മരണം  സർട്ടിഫൈ ചെയ്യാൻ കൈക്കൂലി മേടിക്കുന്ന ന്യൂറോളജിസ്റ്റുകളെ കുറിച്ച് അദ്ദേഹം പറയുന്നുണ്ട്.  കെ. എൻ.  ഓ. സിന്റെ പാനലുള്ള ന്യൂറോളജിസ്റ്റുകളെയെല്ലാം  ആരോപണത്തിന്റെ പുകമറയിൽ നിർത്താതെ  ഇത് ആരൊക്കെയാണ് എന്ന് പറയാൻ അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ട്  .അതുമാത്രമല്ല ഓരോ മസ്തിഷ്‌ക മരണവും സെർട്ടിഫൈ ചെയുമ്പോൾ 2 ലക്ഷം  രൂപ കെ .എൻ .ഒ .സിനു ലഭിക്കുന്നു എന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അവയവദാനത്തെ കൂടുതൽ സുതാര്യമാക്കാൻ നിയമംമൂലം ഉണ്ടാക്കിയ സർക്കാർ സ്ഥാപനമാണ് KNOS . സ്ഥാപനത്തിന്റെ സൽപേര്  നിലനിർത്തേണ്ടതും ആ സ്ഥാപനം സംശയത്തിന് അതീതമാകേണ്ടതും പൊതുജനത്തിന്റെ ആവശ്യമാണ്.  അതുകൊണ്ടുതന്നെ ഈ ആരോപണത്തിന് തെളിവ്
നൽകാൻ അത് ഉന്നയിച്ച വ്യക്തിക്ക് ഉത്തരവാദിത്വമുണ്ട്.
ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന മറ്റൊരാരോപണമാണ് അദ്ദേഹം വെളിപ്പെടുത്തിയ അവയവങ്ങളുടെ ‘തറ വില’  – രണ്ട് കിഡ്നി 20 ലക്ഷം, ലിവർ 30 ലക്ഷം, പാൻക്രിയാസ് 30 ലക്ഷം, ഇൻറ്റസ്റ്റൈൻ 30 ലക്ഷം, കൈകൾ 30 ലക്ഷം, ഹൃദയം ഒരു കോടി.
അങ്ങാടി നിലവാരം ഇങ്ങനെയാണെങ്കിൽ ഒരു കോടി വില വരുന്ന ഹൃദയം പ്രസ്തുത ആശുപത്രി എടുക്കാതിരുന്നത് എന്തുകൊണ്ടാണ്. ഇപ്പൊൾ പ്രചരിപ്പിക്കുന്നത് പോലെയാണെങ്കിൽ നാട്ടിൽ ആവശ്യക്കാരില്ലെങ്കിൽപോലും കൂടിയ വിലയിൽ അയൽ സംസ്ഥാനത്തേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുമായിരുന്നല്ലോ?.ഇല്ലെങ്കിൽ ആവശ്യക്കാരെ കിട്ടുന്നതുവരെ മസ്തിഷ്ക മരണ സ്ഥിതീകരണം വൈകിപ്പിക്കമായിരുന്നല്ലോ ? ഒരു കോടി രൂപ കൊടുത്തു ആരു  ഹൃദയം മാറ്റിവെക്കുമെന്നാണ് അദ്ദേഹം പറയുന്നത്? എന്തായാലും അവയവമാറ്റം ചെയ്യുന്ന ആശുപത്രി ആ ചിലവ് വഹിക്കില്ലല്ലോ. അവയവമാറ്റ ശസ്ത്രക്രിയ ആവശ്യം വരുന്ന ആളുകൾ തന്നെ ആ തുകയും വഹിക്കണമല്ലോ. ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ കഴിഞ്ഞ പത്തു വർഷത്തോളമായി സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. ഈ വാർത്ത കൊടുത്ത മാധ്യമങ്ങളിൽ ആരെങ്കിലും എന്നെ സമീപിക്കുകയാണ് എങ്കിൽ ഇവരുടെ മേൽവിലാസം ഞാൻ തരാം. നിങ്ങൾ  അവരുടെ ചുറ്റുപാടുകൾ നേരിൽ കണ്ടു മനസ്സിലാക്കൂ. ഇവർക്ക് ആർക്കെങ്കിലും ഒരുകോടി രൂപ കൊടുത്ത് ഹൃദയമാറ്റ നടത്താൻ പറ്റുമോയെന്ന് സ്വയമെങ്കിലും ബോധ്യപ്പെടാൻ ദയവ് കാണിക്കൂ. അശാസ്ത്രീയത വിളമ്പിക്കോളൂ, പക്ഷേ അപകസർപ്പകഥകൾ മെനയുമ്പോൾ അല്പംകൂടി ഔചിത്യമാകാം.
 പല രാജ്യങ്ങളിലും   ബ്രെയിൻ ഡെത്തിനു ശേഷം മാത്രം  ആവശ്യത്തിന് അവയവങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ ഡോണേഷൻ ആഫ്റ്റർ സർക്യൂലറ്ററി ഡെത്ത് (Donation after Circulatory Death) എന്ന് കൺസെപ്റ്റിലേക്ക് പോവുകയാണ് അതായത് ഹൃദയത്തിന്റെ  പ്രവർത്തനങ്ങളും  ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങളും നിലച്ചതിനുശേഷം മരണം സ്ഥിരീകരിച്ച് കഴിഞ്ഞാൽ അവയവങ്ങൾ എടുക്കുന്ന പ്രക്രിയ. അതായത് ഏതൊരു മരണത്തിനുശേഷവും ചില അവയവങ്ങൾ എടുക്കാൻ പറ്റുന്ന അവസ്ഥ. ഇങ്ങനെയാണ് ശാസ്ത്രം മുന്നോട്ടു പോകുന്നത്. അക്കാലത്താണ് ശാസ്ത്ര പ്രബുദ്ധതയുള്ള ജനം എന്ന് അഭിമാനിക്കുന്ന കേരളത്തിൽ  ട്രാൻസ്പ്ലാന്റേഷൻ എന്ന ശാസ്ത്രശാഖയെ കൊല്ലാകൊല  ചെയ്യാനുള്ള ശ്രമം
സീസറിന്‍റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം. അതുകൊണ്ടുതന്നെ സർക്കാർ ഈ കാര്യത്തിൽ കാര്യക്ഷമമായി ഇടപെടണം. അഗ്നിശുദ്ധി വരുത്തിയതിനു ശേഷം മാത്രം കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയാൽ മതി എന്ന കർശന നിർദേശം നൽകണം. വളരെ അത്യാവശ്യമാണങ്കിൽ  ലിവിങ് റിലേറ്റഡ് ട്രാൻസ്പ്ലാന്റേഷൻ മാത്രം അനുവദിക്കുക. തൊട്ടടുത്ത ബന്ധുക്കളിൽ നിന്നും  മാത്രമുള്ള അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും. Living unrelated transplantation, altruistic donations, Cadaveric Organ Donation and transplantation    നിയമം മൂലം നിരോധിക്കുക. വേണമെങ്കിൽ മെഡിക്കൽ കരികുലത്തിൽ നിന്നും  ഇത്തരം പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കേണ്ട തീരുമാനിക്കാം. ചില പാഠപുസ്തകങ്ങൾ നിരോധിക്കുകയുമാവാം. അങ്ങനെ ക്രമേണ ഭൂതകാലത്തിൽ ഇങ്ങനെയൊരു ശാസ്ത്രശാഖ ഉണ്ടായിരുന്നതായി നമുക്ക് പറയുകയും ചെയ്യാം.
ട്രാൻസ്പ്ലാൻറ് എന്ന ഒരു ചികിത്സാരീതിയെക്കുറിച്ച് രോഗികളോട് സംസാരിക്കാനോ നിർദ്ദേശിക്കാനോ ഒരു അവസരവും  കൊടുക്കരുത്. ഗൂഗിളിൽ ഇത്തരം ചികിത്സാമാർഗം തിരഞ്ഞ് സമീപിക്കുന്നവരെ അയൽ സംസ്ഥാനങ്ങളിലേക്കു പറഞ്ഞു വിടാം. പണ്ട് ബൈപ്പാസിനും മറ്റും ചെന്നൈയിലേക്കും ബാംഗ്ലൂരിലേക്കും പറഞ്ഞുവിട്ടത് പോലെ.
അപസർപ്പക കഥാകാരിൽ ആർക്കെങ്കിലുമോ,അടുത്ത ബന്ധുക്കൾക്കോ അവയവ മാറ്റത്തിലൂടെ അല്ലാതെ ജീവൻ നിലനിർത്താൻ കഴിയാത്ത നിസ്സഹായാവസ്ഥ വരുമ്പോൾ എങ്കിലും നേര് തിരഞ്ഞിറങ്ങുമല്ലോ,ആരെങ്കിലും?എന്നിട്ട് മതിയെന്ന് വെക്കണം ഇനി കേരളത്തിൽ ഈ പണി.ഡോക്ടർമാർക്കും ഈ നാട്ടിൽ അന്തസ്സോടെ ജീവിക്കണം.

Back to top button
error: