NEWSSports

എന്റെ അത്ഭുതഭാവം കണ്ടിട്ടാകണം അദ്ദേഹമെന്നെ തോളോട് ചേര്‍ത്തുപിടിച്ചു:ഡോ.സോണി ജോൺ

വിഖ്യാത കൊളംബിയൻ ഗോള്‍കീപ്പര്‍ റെനെ ഹിഗ്വിറ്റയെ കണ്ടുമുട്ടിയതിന്റെ ആവേശം മലയാളി സ്പോര്‍ട്സ് സൈക്കോളജിസ്റ്റ് ഡോ.സോണി ജോൺ പങ്കിടുന്നു…
സ്വപ്നങ്ങളും ചിലപ്പോഴൊക്കെ സാക്ഷാല്‍ക്കരിക്കപ്പെടുമെന്ന് ഉറപ്പായി. ഇന്ത്യൻ അമ്ബെയ്ത്ത് ടീമിനൊപ്പം കൊളംബിയയിലെ മെഡലിനില്‍ എത്തിയതുമുതലുള്ള ആഗ്രഹമായിരുന്നു ഹിഗ്വിറ്റയെ നേരില്‍ കാണുകയെന്നത്. ഹോട്ടലിലും മത്സരങ്ങള്‍ നടക്കുന്ന മൈതാനത്തുമൊക്കെ പരിചയപ്പെട്ട കൊളംബിയക്കാരോട് അതിനുള്ള വഴി ആരാഞ്ഞു. ഒന്നും തരപ്പെടാതെ വന്നപ്പോള്‍ അദ്ദേഹം ഗോള്‍കീപ്പര്‍ കോച്ചായി ജോലി ചെയ്യുന്ന മെഡലിനിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ ‘അത്ലറ്റികോ നാസ്യോനലി’ന് ഇ–-മെയില്‍ അയച്ചു. അതിനും മറുപടിയുണ്ടായില്ല.

ഇന്ത്യൻ ടീമിന് കോമ്ബൗണ്ട് വ്യക്തിഗതയിനത്തില്‍ ശനി വൈകിട്ട് ഫൈനലുണ്ടായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തിയ മുൻ ലോക ചാമ്ബ്യൻ അഭിഷേക് വര്‍മയായിരുന്നു മത്സരിക്കുന്നത്. ഉഗ്രൻ പോരാട്ടത്തിലൂടെ അഭിഷേക് അമേരിക്കൻ ഐക്യനാടുകളുടെ ജയിംസ് ലൂറ്റ്സിനെ പരാജയപ്പെടുത്തി സ്വര്‍ണം നേടി.

 

Signature-ad

ആ സന്തോഷത്തില്‍ തിരിച്ച്‌ ഹോട്ടലിലെത്തിയതാണ്. അടയാൻ പോകുന്ന ലിഫ്റ്റിലേക്ക് പെട്ടെന്ന് കയറി അരികിലേക്ക് മാറിനിന്നു. തൊട്ടടുത്തുനില്‍ക്കുന്നയാളെ നോക്കിയപ്പോള്‍ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ അത്ഭുതഭാവം കണ്ടിട്ടാകണം അദ്ദേഹമെന്നെ തോളോട് ചേര്‍ത്തുപിടിച്ചു. എന്റെ കണ്ണുകളില്‍നിന്ന് സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു.. ഹിഗ്വിറ്റ എന്നെ ചേര്‍ത്തുപിടിക്കുന്നു. ലിഫ്റ്റില്‍നിന്ന് അദ്ദേഹത്തോടൊപ്പം പുറത്തിറങ്ങി ഫോട്ടോയെടുത്തു. അതിനിടയില്‍ ഒപ്പമുണ്ടായിരുന്ന ഇംഗ്ലീഷ് അറിയാവുന്ന സ്പാനിഷുകാരന്റെ സഹായത്തോടെ പ്രശസ്തമായ ‘ഹിഗ്വിറ്റ’എന്ന ചെറുകഥയെക്കുറിച്ചും എൻ എസ് മാധവൻ എന്ന എഴുത്തുകാരനെക്കുറിച്ചും പറഞ്ഞു.

 

കഥയെ ആസ്പദമാക്കി എന്റെ കോളേജിലെ വിദ്യാര്‍ഥികള്‍ ശശിധരൻ നടുവിലിന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച നാടകത്തെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിച്ചു. എല്ലാം കേട്ട് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. പിന്നെ എന്നെ ചേര്‍ത്തുപിടിച്ചു. കൈ തന്ന് വീണ്ടും കാണാമെന്നു പറഞ്ഞ് ഒപ്പമുള്ള ശിഷ്യനൊപ്പം ഹോട്ടലിലെ ജിമ്മിലേക്ക് നടന്നു. കാഴ്ചയില്‍നിന്ന് മറയുന്നതുവരെ ഞാൻ നോക്കിനിന്നു.

Back to top button
error: