എം.കൃഷ്‌ണൻ നായരുടെ ‘പാടുന്ന പുഴ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 55 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
ഒഴുകിത്തീരാത്ത പുഴ പോലെ മലയാളി ആസ്വാദകരുടെ മനസിൽ ‘ഹൃദയസരസ്സിലെ പ്രണയ പുഷ്‌പമേ’ എന്ന ഗാനം കൊണ്ട് നിറഞ്ഞൊഴുകിയ ‘പാടുന്ന പുഴ’യ്ക്ക് 55 വർഷപ്പഴക്കം. വി വത്സലാദേവിയുടെ കഥയ്ക്ക് എസ്.എൽ പുരം സദാനന്ദന്റെ തിരക്കഥ. സംവിധാനം എം കൃഷ്‌ണൻ നായർ. നസീർ, ഷീല, ഉഷാനന്ദിനി ത്രികോണ പ്രേമത്തിൽ കുറ്റവും കുറ്റാന്വേഷണവും ചേർത്ത കഥയുമായി ‘പാടുന്ന പുഴ’ 1968 ജൂൺ 20 ന് റിലീസ് ചെയ്‌തു. ശ്രീകുമാരൻ തമ്പി- ദക്ഷിണാമൂർത്തി ഗാനങ്ങൾ.
നസീർ അവതരിപ്പിക്കുന്ന ജയചന്ദ്രൻ- ചിത്രകാരൻ, ഷീലയുടെ സംഗീതാധ്യാപികയായ രാജലക്ഷ്‌മി, സംഗീത വിദ്യാർത്ഥിനി ഇന്ദുമതിയായി ഉഷാനന്ദിനി, ഇന്ദുവിന്റെ സഹോദരൻ രവീന്ദ്രൻ (ഉമ്മർ).
നസീറും ഷീലയും ഇഷ്‌ടം. ഇതറിയാതെ നസീറിനെ പ്രണയിക്കുന്ന ഉഷാനന്ദിനി. ഷീലയുടെയും നസീറിന്റെയും കല്യാണം നടക്കാൻ നാളുകൾ മാത്രമുള്ള സമയത്ത് ഉഷാനന്ദിനി സംഗീതക്ലാസ്സിൽ നിന്ന് (വീട്ടിൽ നിന്ന്) മുങ്ങി. ടീച്ചർ ഷീല ഒറ്റയ്ക്ക് ആ മുറിയിൽ. ഉമ്മർ കയറിപ്പിടിച്ചു. ആ സമയത്ത് ഫോൺ ശബ്ദിക്കലും പാചകക്കാരൻ വരവുമൊക്കെയായി ഉമ്മർ ഷീലയുടെ വാ പൊത്തിപ്പിടിച്ചതാണ് – ശബ്‌ദം പുറത്ത് കേൾക്കാതിരിക്കാൻ. പക്ഷെ ഷീല മരിച്ചു. ഉമ്മർ ഡെഡ്ബോഡി കായലിൽ താഴ്ത്തി. കോടതിയിൽ പക്ഷെ ഉമ്മർ-ഉഷമാരുടെ വളർത്തമ്മ പ്രത്യക്ഷപ്പെട്ട് കുറ്റമേറ്റു പറഞ്ഞു. കോടതി അവരെ ശിക്ഷിച്ചു. കാരണം അവരാണ് യഥാർത്ഥ കുറ്റവാളി. രാജലക്ഷ്‌മി ടീച്ചർ വീട്ടിൽ വന്ന സമയത്ത് അവർ വിഷം ചേർത്ത കാപ്പി കൊടുത്തിരുന്നു. രാജലക്ഷ്‌മി ടീച്ചറെ ഒഴിവാക്കി ഇന്ദുമതിയെക്കൊണ്ട് ജയചന്ദ്രനെ കല്യാണം കഴിപ്പിക്കാനായിരുന്നു അത്.
നിർമ്മാതാവ് ജയമാരുതി റ്റി.ഇ വാസുദേവന്റെ മകൾ വത്സലയാണ് കഥാകൃത്ത്. ജയമാരുതിയുടെ പിറ്റേ വർഷത്തെ ചിത്രത്തിനും ഇവരുടെ കഥയായിരുന്നു- ‘ഡെയ്ഞ്ചർ ബിസ്ക്കറ്റ്’. ആ ചിത്രവും ശ്രീകുമാരൻ തമ്പി- ദക്ഷിണാമൂർത്തി ടീമിന്റെ ഒരു ഗാനത്താൽ പ്രശസ്‌തമാണ്: ‘ഉത്തരാസ്വയംവരം’.