CrimeNEWS

യുഎഇയിലെ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി; പ്രവാസികളുടെ സംഘം അറസ്റ്റില്‍

ഉമ്മുൽഖുവൈൻ: യുഎഇയിലെ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയതിന് ഒരുകൂട്ടം പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. ഉമ്മുൽഖുവൈനിലെ ഒരു അപ്പാർട്ട്മെന്റിലാണ് ഇവർ കഞ്ചാവ് ചെടികൾ കൃഷി ചെയ്‍തത്. ഇതിന് പുറമെ നിരോധിത ലഹരി വസ്‍തുക്കളുടെ കള്ളക്കടത്തും ഇവർ നടത്തിയതായി പൊലീസ് കണ്ടെത്തി.

കഞ്ചാവ് കൃഷി ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവൃത്തികൾ ഇവരുടെ അപ്പാർട്ട്മെന്റിൽ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തുകയായിരുന്നുവെന്ന് ഉമ്മുൽഖുവൈൻ പൊലീസ് ആന്റി നർക്കോട്ടിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി മേജർ ജമാൽ സഈദ് അൽ കെത്‍ബി പറഞ്ഞു. തുടർന്ന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നൽകുകയും ഇവർ മുൻകൂട്ടി പദ്ധതിയിട്ടതു പ്രകാരം അപ്പാർട്ട്മെന്റിൽ കയറി റെയ്ഡ് നടത്തി എല്ലാവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Signature-ad

പരിശോധനയിൽ കഞ്ചാവ് ചെടികളും മറ്റ് ലഹരി വസ്‍തുക്കളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. ഇവയെല്ലാം തുടർ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് പൊതുജനങ്ങൾ പൊലീസുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് ഉമ്മുൽ ഖുവൈൻ പൊലീസ് ആന്റി നർക്കോട്ടിക്സ് മേധാവി പറഞ്ഞു. അന്വേഷണ ഏജൻസികൾ ഇക്കാര്യത്തിൽ പുലർത്തുന്ന ജാഗ്രതയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

Back to top button
error: