നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു സിട്രസ് പഴമാണ് മുസംബി അഥവാ മധുരനാരങ്ങ. വിറ്റാമിൻ സി ധാരാളം അടങ്ങിയ മുസംബി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ എ, സി, ബി 1, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് മുസംബി. ചർമ്മത്തിൻറെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ ധാതുക്കളും അടങ്ങിയിട്ടുള്ള പഴമാണ് മുസംബി. മധുരവും പുളിയും അടങ്ങിയിട്ടുള്ള ഈ പഴം കണ്ണിൻറെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ്.
അറിയാം മുസംബി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ…
- ഫൈബർ ധാരാളം അടങ്ങിയ മുസംബി ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവ മലബന്ധത്തെ തടയാനും അസിഡിറ്റിയെ ഒഴിവാക്കാനും സഹായിക്കും.
- ചർമ്മത്തെ ഉറപ്പുള്ളും ശക്തവുമാക്കാനുള്ള കൊളാജൻ ഉൽപാദിപ്പിക്കാൻ വിറ്റമിൻ സി വളരെ ആവശ്യമാണ്. മുസംബിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവയിൽ ആന്റിഓക്സിഡന്റുകൾ വളരെ കൂടുതലുമാണ്, ഇത് പ്രായമാകുന്നതുമായി ബന്ധപ്പെട്ട ചർമ്മ മാറ്റങ്ങളെ ചെറുക്കാൻ സഹായിക്കും. അതിനാൽ മുസംബി പതിവായി കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.
- പൊട്ടാസ്യം ധാരാളം അടങ്ങിയ മുസംബി ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- ഉയർന്ന ജലാംശം അടങ്ങിയ മുസംബി നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കും. കാൽസ്യം, മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുള്ള ഇവ വേനൽക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. മുസംബി ജ്യൂസായി കുടിക്കുന്നതും ഗുണകരമാണ്.
- എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും മുസംബി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.