അച്ചൻകോവിലാറിന്റെ തീരത്തെ നാട്…കാടുകളും പുഴകളും കാട്ടു കാഴ്ചകളും ഒന്നിനൊന്ന് ചേർന്ന് മികമികച്ചതാക്കുന്ന ഒരിടം… പ്രകൃതി സ്നേഹികളുടെയും കാട്ടുകാഴ്ചകൾ തേടുന്നവരുടെയും പ്രിയ സങ്കേതം. പകുതിയിലധികം കാഴ്ചകളും വനത്തിനോട് ചേർന്നു കിടക്കുന്നതിനാൽ രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ വണ്ടി ഇവിടേക്ക് തിരിക്കാം.ഒരു രണ്ടു ദിവസം കയ്യിലുണ്ടെങ്കിൽ കേരളത്തിൽ എവിടെ നിന്നും ആർക്കും ധൈര്യമായി വന്നു പോകുവാൻ പറ്റിയ കോന്നിയുടെ വിശേഷങ്ങളിലേക്ക്….
ഒരൊറ്റ പകലിൽ കണ്ടു തീർക്കേണ്ട നാടല്ല പത്തനംതിട്ടയുടെ പച്ചപ്പായ കോന്നി. റബർ തോട്ടങ്ങളും ആനക്കൂടും അച്ചൻകോവിലാറുമായിരുന്നു ഒരുകാലത്ത് കോന്നിയെ അടയാളപ്പെടുത്തിയിരുന്നത്. എന്നാൽ കാലത്തിന്‍റെ മാറ്റത്തിൽ കുട്ടവഞ്ചിയും ആന മ്യൂസിയവും ജീപ്പ് സഫാരിയും കാട്ടിലെ കാഴ്ചകളും കോന്നിയുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
കോന്നിയിലെ പേരുകേട്ട കാഴ്ചകളിലൊന്നാണ് ആനക്കൂട്.ഒൻപത് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന ഇത് 1942ൽ, കാട്ടിൽ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പിക്കുന്നതിനായാണ് ആരംഭിച്ചത്. ഇപ്പോൾ കാട്ടിൽ നിന്നും ആനകള പിടിക്കാറില്ലെങ്കിലും വഴിതെറ്റിയെത്തുന്ന ആനകളെ പരിശീലിപ്പിക്കുന്ന കേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്.
ആനകളെ വെറുതെ കണ്ടു നിൽക്കുവാൻ മാത്രമല്ല, ആനപ്പുറത്തുള്ള സഫാരിക്കും ആനയെ ഊട്ടുവാനും കുളിപ്പിക്കുവാനും ഒക്കെ ഇവിടെ സാധിക്കും,.
ആനക്കൂടിനോട് ചേർന്നൊരുക്കിയിട്ടുള്ള ആന മ്യൂസിയവും ഓഡിയോ വിഷ്വൽ റൂമും വ്യത്യസ്തമായ അനുഭവമായിരിക്കും.
ആനക്കൂടിനോട് ചേർന്നൊരുക്കിയിട്ടുള്ള ആന മ്യൂസിയവും ഓഡിയോ വിഷ്വൽ റൂമും വ്യത്യസ്തമായ അനുഭവമായിരിക്കും.
ആനക്കൂട്ടിൽ നിന്നും നേരെ ഇനി കുട്ടവഞ്ചി കയറുവാനുള്ള യാത്രയാണ്.
കോന്നിയിൽ ഇപ്പോൾ ഏറ്റവും അധികം ആളുകൾ അന്വേഷിച്ചെത്തുന്ന സംഭവമാണ് തണ്ണിത്തോട് അടവിയിലെ കുട്ടവഞ്ചി സഫാരി. കോന്നി വനമേഖലയിലെ കാടിന്റെ വന്യതയോട് ചേർന്നു നിൽക്കുന്ന ഈ കുട്ടവഞ്ചി സഫാരി ഹൊഗനെക്കലിന്റെ അതേ അനുഭവങ്ങൾ, ഒരു പക്ഷെ അതിലും കിടിലൻ ആംബിയൻസ് നല്കുന്ന ഇടമായാണ് കോന്നിയെ ന്യൂജെൻ സഞ്ചാരികൾ അടയാളപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ ഹൊഗനെക്കൽ എന്നു കോന്നിയെ വിളിക്കുന്നവരും കുറവല്ല. ഹൊഗനെക്കലിലെ കുട്ടവഞ്ചി സഫാരിയെ ആദ്യം ദത്തെടുത്ത കേരളത്തിലെ ഇടം കൂടിയാണ് കോന്നി.
കോന്നിയിൽ ഇപ്പോൾ ഏറ്റവും അധികം ആളുകൾ അന്വേഷിച്ചെത്തുന്ന സംഭവമാണ് തണ്ണിത്തോട് അടവിയിലെ കുട്ടവഞ്ചി സഫാരി. കോന്നി വനമേഖലയിലെ കാടിന്റെ വന്യതയോട് ചേർന്നു നിൽക്കുന്ന ഈ കുട്ടവഞ്ചി സഫാരി ഹൊഗനെക്കലിന്റെ അതേ അനുഭവങ്ങൾ, ഒരു പക്ഷെ അതിലും കിടിലൻ ആംബിയൻസ് നല്കുന്ന ഇടമായാണ് കോന്നിയെ ന്യൂജെൻ സഞ്ചാരികൾ അടയാളപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ ഹൊഗനെക്കൽ എന്നു കോന്നിയെ വിളിക്കുന്നവരും കുറവല്ല. ഹൊഗനെക്കലിലെ കുട്ടവഞ്ചി സഫാരിയെ ആദ്യം ദത്തെടുത്ത കേരളത്തിലെ ഇടം കൂടിയാണ് കോന്നി.
നിലയില്ലാക്കയത്തിലൂടെ കുട്ടവഞ്ചിയിൽ ശ്വാസമടക്കി പോകുന്നതാണ് ഇവിടുത്തെ കുട്ടവഞ്ചി യാത്ര.തുഴക്കാരൻ ഉൾപ്പെടെ ആറുപേർക്ക് ഒരു വഞ്ചിയിൽ പോകാം. ദീർഘ ദൂര യാത്രയ്ക്കും ഹ്രസ്വദൂര യാത്രയ്ക്കും ഇവിടെ അവസരമുണ്ട്. അരമണിക്കൂറ്‍ ഹ്രസ്വദൂര സഫാരിക്കും ഒരു മണിക്കൂർ സമയം ദീർഘദൂര സഫാരിക്കും സമയമെടുക്കും. കല്ലാറ്റിലൂടെ കാടിനെയും പ്രകൃതിയെയും അറിഞ്ഞ് ചാഞ്ഞു കിടക്കുന്ന മരങ്ങളും വള്ളികളും തട്ടിയുള്ള യാത്ര മികച്ച ഒരു അനുഭവമായിരിക്കും.
പത്തനംതിട്ടയില്‍ നിന്നും ആനക്കൂട് വഴി കോന്നി-തണ്ണിത്തോട് റോഡുവഴി ഇവിടെയെത്താം.കോന്നിയില്‍ നിന്നും 13 കിലോമീറ്ററാണ് ദൂരം.
കേരളാ ബാംബൂ കോർപ്പറേഷന്‍റെ നേതൃത്വത്തിൽ തയ്യാറാക്കിയ ബാംബൂ ഹൗസിലെ താമസമാണ് മറ്റൊരു അനുഭവം.അടവി എക്കോ ടൂറിസത്തിന്റെ ഭാഗമായുള്ള ട്രീ ഹൗസ് അടുത്തിടെയാണ് പ്രവർത്തനമാരംഭിച്ചത്. കല്ലാറിനു തീരത്തുള്ള വൃക്ഷങ്ങളിൽ ഏറുമാടത്തിന്റെ മാതൃകയിലാണ് ബാംബൂ ഹൗസ് ഒരുക്കിയിരിക്കുന്നത്. വനത്തിലൂടെയുള്ള ട്രക്കിങ്ങിന്റെ പ്രത്യേക പാക്കേജും ഇവിടെയുണ്ട്. മുൻകൂട്ടി ബുക്ക് ചെയ്ത് വരുവാൻ ശ്രദ്ധിക്കുക.
അടവി ഇക്കോ ടൂറിസം സെന്‍ററിൽ നിന്നും ഇനി മുന്നോട്ട് മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കാണ് യാത്ര. അടവിയിലെ യാത്രാ ക്ഷീണം തീർക്കുവാൻ പറ്റിയ ഇടമാണ് മീൻമുട്ടി. സുരക്ഷയുടെ ആശങ്കകളില്ലാതെ ആർക്കും വെള്ളത്തിലിറങ്ങി അർമ്മാദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ആദി–ദ്രാവിഡ–നാഗ–ഗോത്ര ജനതയുടെ ആചാരങ്ങളിപ്പോഴും അണുവിട തെറ്റാതെ പിന്തുടരുന്ന കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലേക്കാണ് അടുത്ത യാത്ര.കോന്നി – ശബരിമല കാനനപാതയിൽ അച്ചൻകോവിലാറിന്റെ തീരത്താണ് 24 മണിക്കൂറും പ്രാർഥനയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്ന ഈ കാനനക്ഷേത്രം.
പഞ്ചഭൂതങ്ങൾ കുടികൊള്ളും അഞ്ച് നടകൾ പിന്നിട്ട്, പ്രാർഥനയുടെ പരവതാനി വിരിക്കുന്ന 41 പടികളിറങ്ങിയാൽ അച്ചൻകോവിലാറിന്റെ ഈ വിശ്വാസതീരമായി.
മലദൈവങ്ങളുടെ അധിപനാണ് ഊരാളി അപ്പൂപ്പൻ. 999 മലകൾക്ക് കാവലാളായി നിൽക്കുന്ന ഊരാളി അപ്പൂപ്പൻ പാണ്ടിനാടും മലയാളക്കരയും അടക്കിവാണ വീരയോദ്ധാവാണെന്ന് വിശ്വാസം.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ പ്രതീകമാണ് കാവിലെ ചടങ്ങുകൾ. വാനരയൂട്ടും മീനൂട്ടും ഉദാഹരണങ്ങളാണ്. അച്ചൻകോവിലാറ്റിൽ കാവിനു ചേർന്നുള്ള കടവിലെ മത്സ്യസമ്പത്തും കാവിനു തണലാകുന്ന വന്മരങ്ങളിലെ വാനരനക്കൂട്ടവുമൊക്കെ കണ്ണിനാനന്ദമാകുന്നു.
കോട്ടയത്തു നിന്നും കോന്നിയിലേക്ക് 67.7 കിലോമീറ്ററും ആലപ്പുഴയിൽ നിന്നും കോന്നിയിലേക്ക് 74.7 കിലോമീറ്ററും ദൂരമുണ്ട്. തിരുവനന്തപുരത്തു നിന്നും 93 കിലോമീറ്ററും കാഞ്ഞിരപ്പള്ളിയിൽ നിന്നും 48 കിലോമീറ്ററുമാണ് കോന്നിയിലേക്കുള്ള ദൂരം.പുനലൂർ-മൂവാറ്റുപുഴ റോഡിലാണ് കോന്നി സ്ഥിതി ചെയ്യുന്നത്.ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ. ഇവിടെ ട്രെയിനിറങ്ങി പത്തനംതിട്ട വഴി കോന്നിയിലെത്താം.പത്തനംതിട്ടയിൽ നിന്നും 10 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.