കൊച്ചി: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിനു മുഖ്യമന്ത്രിയുടെ ഓഫീസിലെ 2018 മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിക്കു എന്ന് വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്സന് മാവുങ്കല്‍. ”കോടതി വിധി മാനിക്കുന്നു. 2018 മുതലുള്ള സിസി ടിവി ദൃശ്യങ്ങളില്‍ എല്ലാമുണ്ട്. പോലീസ് ശേഖരിച്ച ദൃശ്യങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. കെ സുധാകരന് തന്റെ കയ്യില്‍നിന്ന് പണം വാങ്ങിയിട്ടില്ല” -മോന്സന് മാധ്യമങ്ങളോട് പറഞ്ഞു. പോക്സോ കേസില്‍ ജീവപര്യന്തം തടവിനു വിധിച്ച മോന്‍സനെ എറണാകുളത്തെ പോക്സോ കോടതിയില്‍നിന്നു പുറത്തിറക്കുമ്പോഴായിരുന്നു പ്രതികരണം. മോന്‍സനെ വിയ്യൂരിലേക്കു മാറ്റുമെന്നാണു സൂചന.
വ്യാജ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്സന് മാവുങ്കലിനു പോക്സോ കേസില്‍ മൂന്നു ജീവപര്യന്തമാണു ശിക്ഷ വിധിച്ചത്. എറണാകുളം ജില്ലാ പോക്സോ കോടതിയുടേതാണ് വിധി. ഇതില്‍ രണ്ടു ജീവപര്യന്തം ജീവിതാവസാനം വരെ അനുഭവിക്കണം. ഇതിനു പുറമെ 5.25 ലക്ഷം രൂപ പിഴയും വിചാരണക്കോടതി വിധിച്ചു. കുറ്റപത്രത്തില്‍ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞതായും കോടതി നിരീക്ഷിച്ചു. മോന്‍സനെതിരായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യത്തെ വിധിയാണിത്.