മുംബൈ: നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് വെള്ളിയാഴ്ച റിലീസ് ചെയ്ത ആദിപുരുഷ് നേടിയത്. രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രം മികച്ച ഓപ്പണിംഗ് ആയിരിക്കും നേടുക എന്നാണ് സൂചന. ഇപ്പോള്‍ വിവിധ ബിസിനസ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം ചിത്രം ആദ്യദിനം എത്ര നേടും കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്.
വെള്ളിയാഴ്ച ബോക്സ് ഓഫീസില്‍ വന്‍ ഓപ്പണിംഗ് ആദിപുരുഷ് നേടും എന്നാണ് കണക്കുകള്‍ പറയുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഏകദേശം 36-38 കോടി കളക്ഷന്‍ നേടും എന്നാണ് കണക്ക്. മറ്റ് എല്ലാ ഭാഷകളിലെ കളക്ഷനും കൂട്ടിയാല്‍ അഖിലേന്ത്യ തലത്തില്‍ ചിത്രം 90 കോടി രൂപയും നേടുമെന്നാണ് ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പത്താന്, കെജിഎഫ് 2 എന്നിവയ്ക്ക് ശേഷം കൊവിഡിന് ശേഷം ഒരു ഹിന്ദി ചിത്രത്തിന് മൂന്നാമത്തെ വലിയ ഓപ്പണിംഗ് ആണ് ആദിപുരുഷിന് ലഭിച്ചത് എന്നാണ് വിവരം.
ബോക്സ്ഓഫീസ് ഇന്ത്യ.കോം റിപ്പോര്‍ട്ട് അനുസരിച്ച്, ഹിന്ദി സര്ക്യൂട്ടുകളിലെയും ദക്ഷിണേന്ത്യയില്‍ തെലുങ്ക് പതിപ്പിന്റെ കളക്ഷനും കണക്കിലെടുക്കുകയാണെങ്കില്‍ ആദിപുരുഷ് ഇന്ത്യയിലെ ആദ്യ ദിവസം ഏകദേശം 90 കോടി രൂപയുടെ മൊത്തം കളക്ഷനില്‍ എത്തുമെന്നാണ് വിവരം. തുടര്‍ന്ന് വിദേശ കളക്ഷന്‍ അടക്കം കൂട്ടിയാല്‍ 140-150 കോടി ആദ്യ ദിന കളക്ഷന്‍ ആദിപുരുഷ് നേടാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്.
ഇതിനിടയില്‍ ട്രോളുകളും ചിത്രം നേരിടുന്നുണ്ട്. പ്രത്യേകിച്ച് ചിത്രത്തിന്റെ വിഎഫ്എക്സിനെതിരേ. ചിത്രത്തില്‍ രാവണനായി എത്തിയിരിക്കുന്നത് സെയ്ഫ് അലി ഖാന് ആണ്. ചിത്രത്തില്‍ രാവണന്റെ അഞ്ച് തല മുകളിലും അഞ്ച് തല താഴേയുമായി പടി പോലെയാണ് ക്രമീകരിച്ചിരിക്കുന്നത്. ട്രോളുകളില്‍ മുന്നിട്ട് നില്ക്കുന്നതും ഈ രാവണന്റെ തലയാണ്. പ്രഭാസിന്റെ ചില രംഗങ്ങളിലെ ലുക്ക് കണ്ടാല്‍ യേശുവിനെ പോലുണ്ടെന്നാണ് ചിലര്‍ പറയുന്നത്.
ഓം റാവത്ത് സംവിധാനം ചെയ്ത ആദിപുരുഷില്‍ രാമനായാണ് പ്രഭാസ് എത്തിയത്. കൃതി സനോണ്‍ ആണ് നായിക. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്ത് പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്.