തിരിമുറിയാതെ മഴ തിമര്‍ത്തു പെയ്യേണ്ട മിഥുന മാസത്തിന് വെള്ളിയാഴ്ച തുടക്കമായി.തിങ്കളാഴ്ച തിരുവാതിരയാണ്. ഞാറ്റുവേല തുടങ്ങുന്ന ദിവസം.
എന്നാൽ കേരളത്തിൽ മഴയുടെ ഒളിച്ചുകളി തുടരുകയാണ്. ഇത് ആയിരക്കണക്കിന് നെല്‍ക്കർഷകരുടെ കണ്ണീര് മഴക്കു കാരണമാവുകയാണ്. ഇടവപ്പാതി പിന്നിട്ടാല്‍ കേരളത്തില്‍ കാലവര്‍ഷക്കാലമാണ്.ഇപ്പോൾ മിഥുന മാസമായിട്ടും കാലവര്‍ഷം ഇല്ലാത്ത അവസ്ഥ.
എങ്ങോ വീശിയ ചുഴലിക്കാറ്റിന്റെ ഭാഗമായി രണ്ട് ദിവസം കിട്ടിയ മഴയാണ് മലയാളിയുടെ മണ്‍സൂണ്‍ മഴ. ഉണങ്ങിക്കരിയാൻ തുടങ്ങിയ തെങ്ങിനും കവുങ്ങിനുമൊക്കെ അല്പം ആശ്വാസമായെങ്കിലും നെല്കൃഷിക്കിത് പോര. ഒരാഴ്ചക്കകം മഴ പെയ്ത് വെള്ളം കയറിയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.
മഴ വരുമെന്ന് പ്രതീക്ഷിച്ച് കര്‍ഷകര്‍ വെള്ളം പമ്ബു ചെയ്തും മറ്റും ഞാറ് തയാറാക്കിയിരുന്നു. എന്നാല്‍ ഒരു മാസം പിന്നിടുമ്ബോഴും മഴയില്ലാത്തതിനാല്‍ പറിച്ചുനടാനായില്ല.ഇടക്കിടെ മഴ ചാറി പോവുകയാണ് മഴ. പല സ്ഥലങ്ങളിലും കിണറുകളില്‍ പോലും വെള്ളമില്ല. മഴ വൈകിയതു കാരണം ഒന്നാം വിള നെല്‍കൃഷിക്ക് വിത്ത് വിതക്കാൻ പല കര്‍ഷകര്‍ക്കും കഴിഞ്ഞിട്ടില്ല.
കേരളത്തില്‍ 30 വര്‍ഷത്തിനിടയില്‍ ആറു ലക്ഷം ഹെക്ടര്‍ നെല്‍വയലുകളാണ് അപ്രത്യക്ഷമായത്. 70- 71 കാലത്ത് 8,88,000 ഹെക്ടര്‍ നെല്‍വയലുകള്‍ ഉണ്ടായ സ്ഥാനത്ത് ഇപ്പോഴത് മൂന്നു ലക്ഷമായി ചുരുങ്ങി. പലരും തരിശിടുന്നതും പതിവായി. കാലവര്‍ഷം കൂടി ചതി തുടങ്ങിയതോടെ നാശം പൂര്ണ്ണമാവുകയാണെന്നും കര്‍ഷകര്‍ പറയുന്നു.