KeralaNEWS

പ്രതിദിനം ഒരുലക്ഷം യാത്രക്കാര്‍ എന്ന ലക്ഷ്യത്തിലേക്ക് കൊച്ചി മെട്രോ; ഇന്ന് ആറാമത് പിറന്നാൾ

കൊച്ചി:പ്രതിദിനം ഒരുലക്ഷം യാത്രക്കാര്‍ എന്ന ലക്ഷ്യത്തിലേക്ക് കൊച്ചി മെട്രോ അടുത്തെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ്‌ ബഹ്‌റ.നിലവിൽ ‍മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 98000 ആണ്.ആറു വർഷത്തിനുള്ളിലാണ് ഈ‌ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ഘട്ടം ഉടൻ ആരംഭിക്കുമെന്നും 2025 ആഗസ്റ്റ് 15ന് മെട്രോ സെക്കന്റ് ഫേസ് ഉത്ഘാടനം ചെയ്യുമെന്നും  അദ്ദേഹം വ്യക്തമാക്കി.തൃപ്പൂണിത്തുറ സ്റ്റേഷൻ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒക്ടോബര്‍ 2ന് തൃപ്പൂണിത്തുറ റൂട്ടില്‍ മെട്രോ ഓടിത്തുടങ്ങും.
ദിവസം 10000 വിദ്യാര്‍ത്ഥികള്‍ മെട്രോയില്‍ യാത്ര ചെയ്യുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്. യാത്രക്കാരെ ആകര്‍ഷിക്കാൻ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മെട്രോ പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തിട്ട് ജൂൺ പതിനേഴിന് ആറ് വർഷം തികയുന്നു. ആറാം വാർഷികത്തോട് അനുബന്ധിച്ച് യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി നിരവധി ആഘോഷപരിപാടികളും ഓഫറുകളും കൈനിറയെ സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങളും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഇന്ന് ടിക്കറ്റ് നിരക്കിലും പ്രത്യേക ഇളവുണ്ട്. 20 രൂപ നിരക്കിൽ കൊച്ചി മെട്രോയിൽ എത്ര ദൂരം വരെയും യാത്ര ചെയ്യാം.

Back to top button
error: