കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പു പരാജയം അന്വേഷിച്ച കമ്മിഷനോടു തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന് സഹകരിച്ചില്ലെന്നു പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കുറ്റപ്പെടുത്തല്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് അന്വേഷിച്ച എ.കെ. ബാലന്, ടി.പി. രാമകൃഷ്ണന് കമ്മിറ്റി റിപ്പോര്‍ട്ടിലാണു ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ ജയരാജനെതിരെ വിമര്‍ശനം. തെരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന എല്ലാവര്ക്കും ചോദ്യാവലി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാരനായിട്ടും ഇ.പി. ജയരാജന് അതു പൂരിപ്പിച്ചു നല്‍കിയില്ലെന്നും ജില്ലാ കമ്മിറ്റിയില്‍ വെളിപ്പെടുത്തി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പു പരാജയത്തില്‍ ആര്‍ക്കെതിരെയും നടപടിയില്ലെങ്കിലും സംഘടനാ തലത്തില്‍ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിഷന് അംഗങ്ങളായ എ.കെ. ബാലന്, ടി.പി. രാമകൃഷ്ണന്, മന്ത്രി പി.രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശന്, പി.കെ. ബിജു, എം.സ്വരാജ് തുടങ്ങിയവരും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.