കോഴിക്കോട്: ശബ്ദമലിനീകരണമുണ്ടാക്കുന്നു എന്ന് കാണിച്ച് പരാതി നല്‍കിയതിന് വീട്ടില്‍ നിന്ന് ഒരു വീട്ടമ്മയെ പുറത്തിറക്കി മര്‍ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് ചെറുവണ്ണൂരിലെ കമ്പനിയുടമയും ബന്ധുക്കളുമാണ് വീട്ടമ്മയെ മര്‍ദിക്കുന്നത്. ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. സംഭവത്തില്‍ നല്ലളം പോലീസ് കേസെടുത്തു.
വീട്ടമ്മയുടെ വാക്കുകള്‍: ”മുഖത്തടിച്ചതിനു ശേഷമാണ് എന്നെ പുറത്തേക്ക് ഇറക്കിയത്. കുടുംബക്കാര്‍ക്കെതിരെ പരാതി നല്‍കുമല്ലേ എന്നു ചോദിച്ചായിരുന്നു ഗായത്രി എന്ന പെണ്‍കുട്ടി മര്‍ദിച്ചത്. വീട്ടിലേക്കു തിരിച്ചു കയറാന്‍ ശ്രമിച്ച എന്നെ റിജില്‍ എന്നയാള്‍ കൈപിടിച്ചു തിരിച്ചു. ആരെങ്കിലും രക്ഷപ്പെടുത്തുമെന്നു കരുതിയാണ് തൊട്ടടുത്തുള്ള ആശുപത്രിയുടെ ഭാഗത്തേക്ക് ഓടിയത്. പിറകില്‍ നിന്നു വന്ന ഗായത്രി എന്നെ ചവിട്ടി വീഴ്ത്തി. നിലത്തുവീണപ്പോള്‍ എല്ലാവരും ചേര്‍ന്ന് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. ഇവരുടെ ചവിട്ടേറ്റ് എന്റെ നട്ടെല്ലിനു ക്ഷതമേറ്റു. എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാനുണ്ടായിരുന്നത്. കഴുത്തിനും ചെവിക്കും പരുക്കേറ്റു.”
കമ്പനിയില്‍ നിന്ന് സഹിക്കാനാകാത്ത ശബ്ദമുണ്ടായപ്പോഴാണ് പരാതി നല്‍കിയതെന്നും വീട്ടമ്മ പറഞ്ഞു. പരാതി നല്‍കിയതാണ് വൈരാഗ്യത്തിനു കാരണമായതെന്നും അവര്‍ വ്യക്തമാക്കി.