NEWSPravasi

സ്വന്തമായി വിമാനവുമില്ല, ‍വിമാനചാർജ്ജ് നിശ്ചയിക്കുന്നതില്‍ യാതൊരു നിയന്ത്രണവുമില്ല; ഇന്ത്യൻ ഗവൺമെന്റിനെതിരെ പ്രവാസിസഭ

ദോഹ: ഗള്‍ഫ് പ്രവാസം അൻപതാണ്ട് പിന്നിട്ടിട്ടും പ്രവാസിയുടെ യാത്രാപ്രശ്നം ഇന്നും പരിഹരിക്കപ്പെടാതെ കൂടുതല്‍ രൂക്ഷമായി തുടരുകയാണെന്നും ഇത് പരിഹരിക്കാൻ പ്രവാസി സംഘടനകളുടെ ഒന്നിച്ചുള്ള മുന്നേറ്റം ഉണ്ടാകണമെന്നും കള്‍ചറല്‍ ഫോറം സംഘടിപ്പിച്ച പ്രവാസിസഭ അഭിപ്രായപ്പെട്ടു.

വിമാനചാര്‍ജ് നിശ്ചയിക്കുന്നതില്‍ ഇന്ത്യൻ സര്‍ക്കാറിന് ഇപ്പോള്‍ ഒരു നിയന്ത്രണവും ഇല്ലെന്നും ചാര്‍ജ് നിയന്ത്രിക്കാൻ സര്‍ക്കാറിന് സാധിക്കുന്ന രീതിയില്‍ നിയമനിര്‍മാണം നടത്തണമെന്നും പ്രവാസിസഭ ആവശ്യപ്പെട്ടു.

 

Signature-ad

അവധിക്കാലങ്ങളില്‍ നാട്ടില്‍ പോകുകയെന്നത് ഒരു സാധാരണക്കാരന്‌ സ്വപ്നമായി മാറുകയാണ്‌. കൂടുതല്‍ യാത്രക്കാരുള്ള കേരള സെക്ടറിലേക്ക് ചെറിയ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നതും അയാട്ടക്ക് കീഴിലെ ട്രാവല്‍ ഏജന്‍സികള്‍ അമിതവിലക്ക് വില്‍ക്കാനായി സീസണുകളില്‍ നേരത്തേതന്നെ ഗ്രൂപ് ടിക്കറ്റുകള്‍ എടുക്കുന്നതും നേരത്തെയുണ്ടായിരുന്ന ബുക്കിങ് സംവിധാനം എടുത്തുകളഞ്ഞതും ദുരിതത്തിന്റെ ആഴം വര്‍ധിപ്പിക്കുകയും ചൂഷണത്തിന്‌ സൗകര്യമൊരുക്കുകയും ചെയ്യുന്നുവെന്നും ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫ് നാടുകളിലെ മറ്റ് രാജ്യക്കാര്‍ക്ക് അവധിക്കാലങ്ങളില്‍ ആശ്വാസമേകുന്നത് അവരുടെ ദേശീയ വിമാനക്കമ്ബനികളാണ്‌.

 

എന്നാല്‍, സ്വന്തം രാജ്യത്തിന്റേതായ ദേശീയ വിമാനക്കമ്ബനിപോലും ഇല്ലാത്ത പ്രവാസി സമൂഹമായി ഇന്ത്യക്കാര്‍ മാറിയിരിക്കുന്നു. പതിവ് മെമ്മോറാണ്ടങ്ങള്‍ക്കുപരി നിരന്തര സമ്മര്‍ദത്തിലൂടെയും ശക്തമായ സോഷ്യല്‍ മീഡിയ കാമ്ബയിനിലൂടെയും അന്താരാഷ്ട്രതലത്തില്‍തന്നെ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. രാജ്യത്തിന്‌ ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളുടെ യാത്രാപ്രശ്നം മറ്റ് കാര്യങ്ങളിലെന്നപോലെ അവര്‍തന്നെ പിരിവെടുത്ത് പരിഹരിക്കപ്പെടേണ്ട ഒന്നല്ല. എല്ലാ വര്‍ഷവും അവധിക്കാലത്തേക്ക് കൂടുതല്‍ വിമാന സര്‍വിസുകള്‍ നടത്താനുള്ള സംവിധാനം സര്‍ക്കാര്‍തലത്തില്‍ ഉണ്ടാകണം. ടിക്കറ്റ് നിരക്കിന്‌ പരിധി നിര്‍ണയിക്കണം. ഇതിനായി റെഗുലേറ്ററി അതോറിറ്റി രൂപവത്കരിക്കുകയും വേണം. ഇന്ത്യന്‍ എംബസികളും കേരള സര്‍ക്കാറും ഈ വിഷയത്തില്‍ ക്രിയാത്മക ഇടപെടല്‍ നടത്തണമെന്നും അതിനായി യോജിച്ച്‌ മുന്നോട്ടുപോകണമെന്നും പ്രവാസി സഭയില്‍ സംസാരിച്ച വിവിധ സംഘടന പ്രതിനിധികള്‍ പറഞ്ഞു.

Back to top button
error: