NEWSWorld

കൊവിഡ് വൈറസ് ചോർന്നത് ചൈനീസ് ലാബിലെ പരീക്ഷണങ്ങൾക്കിടയിൽ തന്നെ, അന്വേഷണ റിപ്പോർട്ട് പുറത്ത്

ലോകമെമ്പാടും ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിന് കാരണമായ കൊവിഡ് വൈറസ്, പരീക്ഷണത്തിനിടെ ചൈനീസ് ലാബിൽ നിന്ന് ചോർന്നതാണെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്. ചൈനീസ് സൈന്യത്തോടൊപ്പം പ്രവർത്തിക്കുന്ന വുഹാനിലെ ശാസ്ത്രജ്ഞർ കൊറോണ വൈറസുകളെ സംയോജിപ്പിച്ച് ഒരു പുതിയ മ്യൂട്ടന്റ് വൈറസ് സൃഷ്ടിക്കുന്നതിനിടെ അബദ്ധത്തിൽ വൈറസ് ചോരുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി സൺഡേ ടൈംസ്’ റിപ്പോർട്ട് ചെയ്തു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് വൈറസ് ചോർന്നതെന്നും റിപ്പോർട്ട് പറയുന്നു.

രഹസ്യ റിപ്പോർട്ടുകൾ, ഇന്റേണൽ മെമ്മോകൾ, സയന്റിഫിക് പേപ്പറുകൾ, ഇമെയിൽ കത്തിടപാടുകൾ തുടങ്ങി നൂറുകണക്കിന് രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കോവിഡ് -19 മഹാമാരിയുടെ സൃഷ്ടിയിലും വ്യാപനത്തിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കൂടുതൽ വ്യക്തമായിക്കഴിഞ്ഞെന്ന് അന്വേഷകരിൽ ഒരാൾ പറഞ്ഞു. ചൈനീസ് സൈന്യത്തിലെ ഗവേഷകരുമായി സഹകരിച്ച് നടത്തിയ പഠനമായതിനാൽ ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നും അന്വേഷകർ പറഞ്ഞു.

വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി 2003 ൽ സാർസ് വൈറസിന്റെ അന്വേഷിക്കുകയും തെക്കൻ ചൈനയിലെ വവ്വാലുകളുടെ ഗുഹകളിൽ നിന്ന് ശേഖരിച്ച കൊറോണ വൈറസുകൾ ഉപയോഗിച്ച് അപകടകരമായ പരീക്ഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. 2016-ൽ, യുനാൻ പ്രവിശ്യയിലെ മോജിയാങ്ങിലെ ഒരു മൈൻഷാഫ്റ്റിൽ സാർസിന് സമാനമായ ഒരു പുതിയ തരം കൊറോണ വൈറസ് ഗവേഷകർ കണ്ടെത്തി. ഇതിനെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോകുകയും ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങൾ തരംതിരിക്കുകയും ചെയ്തെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Back to top button
error: