Movie

ഷീല കേന്ദ്രകഥാപാത്രമായി നിറഞ്ഞാടിയ ബാലചന്ദ്ര മേനോന്റെ ‘കലിക’ തീയേറ്ററിലെത്തിയിട്ട് ഇന്ന് 43 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

  മലയാളത്തിലെ ആദ്യത്തെ മാന്ത്രിക നോവൽ എന്ന ഖ്യാതിയുള്ള ‘കലിക’യുടെ ചലച്ചിത്രാവിഷ്ക്കാരത്തിന് 43 വർഷം പഴക്കം. ക്ഷതമേറ്റ സ്ത്രീയുടെ പക വീട്ടലാണ് കഥ. മോഹനചന്ദ്രൻ എന്ന പേരിലറിയപ്പെട്ട ബി.എം.സി നായരുടെ കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ച നോവൽ സിനിമയാക്കിയത് ബാലചന്ദ്രമേനോൻ. ഷീലയാണ് കലികയുടെ വേഷം അവതരിപ്പിച്ചത്. പൂമൊട്ട് എന്നാണ് കലിക എന്ന വാക്കിനർത്ഥം. കുട്ടിയായിരുന്നപ്പോൾ ബന്ധുവിനാൽ പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പ്രതികാരം മന്ത്ര-പ്രേത ഭാവഹാദികളോടെ നിറവേറ്റുന്ന കഥാപാത്രമാണ് ഷീലയുടേത്.

ബാലചന്ദ്രമേനോന്റെ മൂന്നാമത്തെ ചിത്രമായിരുന്നു കലിക. ‘രാധ എന്ന പെൺകുട്ടി’ നിർമ്മിച്ച ബിഎ രാജാകൃഷ്ണനാണ് കലിക നിർമ്മിച്ചത്. ദേവദാസ് എഴുതിയ ഗാനങ്ങൾക്ക് ദേവരാജന്റെ സംഗീതം. 1980 ജൂൺ 12 ന് റിലീസ്.

അന്തികഴിഞ്ഞ നേരത്ത് കള്ളുഷാപ്പിലിരുന്ന് അമ്മൻകാവിലൂടെ ഒറ്റയ്ക്ക് പോകുമെന്ന് വീമ്പടിച്ച ഒരാളുടെ മൃതദേഹമാണ് പിറ്റേന്ന് കണ്ടത്. അമ്മൻകാവിൽ ഒഴിഞ്ഞു കിടക്കുന്ന പുരയിടം വിൽക്കാൻ ഉടമസ്ഥൻ സദൻ (വേണു നാഗവള്ളി) വരുന്നു. സുഹൃത്തുക്കൾ സക്കറിയയും ജോസഫും (ശ്രീനാഥ്, സുകുമാരൻ) കൂടെ ചേരുന്നുണ്ട്. മന്ത്രങ്ങൾ തർജ്ജമ ചെയ്യാൻ അവർ കലിക ടീച്ചറുടെയടുത്ത് പോകുന്നു. സിഗരറ്റ് വലിക്കുന്ന ജോസഫിനെ (സുകുമാരൻ) കുട്ടി എന്ന് വിളിച്ച് ഗുണദോഷിക്കുന്നുണ്ട് ടീച്ചർ. ജോസഫ് പിന്നീട് ടീച്ചറെ പ്രണയാതുരതയോടെ സമീപിക്കുന്നു. കലിക അയാളെ കൊല്ലുന്നു.

മന്ത്രശക്തിയാൽ കന്യകാത്വം വീണ്ടെടുത്ത  കലിക, മന്ത്രസിദ്ധി  ദുരുപയോഗപ്പെടുത്താൻ തുടങ്ങിയതോടെ  സുഹൃത്തുക്കളുടെ നേതൃത്വത്തിൽ കലികയുടെ മന്ത്രശക്തി ഇല്ലാതാക്കാൻ പൂജ നടക്കുന്നു. കലികയുടെ കന്യകാത്വം നശിപ്പിച്ച് നിർവീര്യയാക്കാൻ ദീർഘകാലം ബ്രഹ്മചര്യം അനുഷ്ഠിക്കുന്നവനേ കഴിയൂ. സുഹൃദ് സംഘത്തിലെ ഇക്കാക്കയ്ക്കാണ് (ബാലൻ കെ നായർ) ആ ദൗത്യം…!
കലികയെ സ്വീകരിക്കാൻ അയാൾ ഒരുക്കമാണ്. പക്ഷെ കലിക ആത്‍മഹത്യ ചെയ്യുന്നു.

Back to top button
error: