Health

‘പേരയ്ക്ക’ പ്രമേഹത്തിന് ഉത്തമം, രോഗ പ്രതിരോധശേഷി നിലനിർത്തും; ഹൃദ്രോഗവും ക്യാൻസറും ചെറുക്കും

 ഡോ. വേണു തോന്നയ്ക്കൽ

    പ്രമേഹ രോഗിയാണോ നിങ്ങൾ…?
പേരയ്ക്ക കഴിക്കുക. പ്രമേഹ രോഗികൾ മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കരുത് പഴം കഴിക്കരുത് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടാവുമല്ലോ.
എന്നാൽ പേരയ്ക്കയുടെ കാര്യത്തിൽ യാതൊരു ഭയവും വേണ്ട. തീർച്ചയായും പേരയ്ക്ക നിങ്ങൾക്ക് കഴിക്കാം. പ്രാതലായോ പ്രാതലിനൊപ്പമോ ഒരു മുഴുത്ത പേരയ്ക്ക ആകാവുന്നതാണ്. അധികം പഴുക്കാത്തതാണെങ്കിൽ ഏറെ നന്ന്.
പ്രമേഹ രോഗികൾക്ക് ധൈര്യപൂർവ്വം ആശ്രയിക്കാനാവുന്ന നല്ലൊരു പഴമാണിത്. പേരക്കയിൽ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. ഇതിലെ ഗ്ലൈസീമിക് ഇൻഡക്സ് വെറും 12 ആണ്. നമ്മുടെ പ്രധാന ഭക്ഷണമായ അരിക്കും ഗോതമ്പിനും ഗ്ലൈസീമിക് ഇൻഡക്സ് 60ന് മേലെയാണ്. മാമ്പഴത്തിന് 50 ന് മേലെ വരും. ഗ്ലൈസീമിക്ക് ഇൻഡക്സ് ഇത്ര താണ നിലയിലുള്ള പഴം എന്തുകൊണ്ട് കഴിച്ചുകൂടാ?
പഞ്ചസാര വളരെ കുറവാണ് എന്നു മാത്രമല്ല ഇതിൽ ധാരാളമായി നാരുകളും, ജീവകങ്ങളും, ആൻറി ഓക്സിഡന്റുകളും ഉണ്ട്. നാര് ധാരാളം അടങ്ങിയ പഴമാണ് പേരക്ക. ഇത് പഞ്ചസാരയുടെ അളവ് കുറക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. അതിനാൽ സൗന്ദര്യ ബോധമുള്ളവർ പേരക്ക കഴിക്കാൻ മടിക്കരുത്.
ഇത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി നിലനിർത്തുന്നു. മാത്രമല്ല ഹൃദ്രോഗം, ക്യാൻസറുകൾ, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാണ്. കൂടാതെ ഇത് വിര ശല്യം അകറ്റുന്നു.
പേരക്ക കഴിക്കുന്നതുകാരണം ശരീരത്തില്‍ ജലത്തിന്റെ അളവ് സംരക്ഷിച്ചു നിര്‍ത്താനും കഴിയും. ഓറഞ്ചിൽ ഉള്ളതുപോലെ വിറ്റാമിന്‍-സിയുടെ അളവ് പേരക്കയിലും ധാരാളമുണ്ട്. നാല് ഒറഞ്ച് കഴിക്കുന്നതിന് തുല്യമാണ് ഒരു പേരക്ക തിന്നുന്നതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അണുബാധ തടയുന്നതിനും ഈ പഴം വളരെ ഗുണം ചെയ്യുന്നുണ്ട്.
വിറ്റാമിന്‍ എയുടെ അളവ് പേരക്കയിൽ സമൃദ്ധമാണ്. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് പേരക്ക കഴിക്കുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിന് വലിയ സംഭവന നല്‍കാന്‍ കഴിയും. കുഞ്ഞിന് ന്യൂറോളജിയുമായി ബന്ധപ്പെട്ട താളപ്പിഴകള്‍ ഉണ്ടെങ്കില്‍ അത് തടയാന്‍ പേരക്കയുടെ ഔഷധമൂല്യം സഹായിക്കും.
പ്രോട്ടീന്‍, വിറ്റാമിന്‍, ഫൈബര്‍ എന്നിവ അടങ്ങിയതുകാരണം പേരക്ക കഴിക്കുന്നതിലൂടെ പൊണ്ണത്തടി കുറക്കാന്‍ കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് മാത്രമല്ല ചെറിയ കുട്ടികൾ ഉൾപ്പെടെ ഏവർക്കും ‘പേരയ്ക്ക’ നല്ലതാണ്.

Back to top button
error: