വിജയശാന്തി കേന്ദ്ര കഥാപാത്രമായ, ശ്യാമപ്രസാദിന്റെ ‘കല്ല് കൊണ്ടൊരു പെണ്ണ്’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 25 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
ശ്യാമപ്രസാദിന്റെ ‘കല്ല് കൊണ്ടൊരു പെണ്ണിന്’ 25 വയസ്സായി. എസ് എൽ പുരം സദാനന്ദന്റെ ഇതേ പേരിലുള്ള നാടകത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരം. കുറച്ച് ഭാഗം കുവൈറ്റിൽ ചിത്രീകരിച്ച ഈ സിനിമ ഗൾഫ് യുദ്ധ പശ്ചാത്തലത്തിൽ നാട്ടിൽ തിരികെയെത്തിയ ഒരു നഴ്‌സിന്റെ കഥയാണ് പറഞ്ഞത്. കറവപ്പശുവായി, സ്വയം ജീവിക്കാതെ മറ്റുള്ളവരെ ജീവിപ്പിച്ച്, ഒടുവിൽ നന്ദിക്ക് പകരം നിന്ദ കിട്ടുന്ന പ്രവാസികളുടെ പ്രതീകമാണ് സീത എന്ന ആ നഴ്‌സ്. ആക്ഷൻ ഹീറോ വിജയശാന്തിയാണ് ആ ക്യാരക്റ്റർ റോളിന് ജീവൻ നൽകിയത്. കുവൈറ്റിലെ മുബാറക് അൽ-കബീർ ആശുപത്രിയായിരുന്നു കുവൈറ്റിലെ പ്രധാന ലൊക്കേഷൻ.
ചിത്രം നിർമ്മിച്ച ഭാവചിത്ര ജയകുമാറാണ് തിരക്കഥ രചിച്ചത്. സംഭാഷണം ടി.എ റസാഖും ശശിധരൻ ആറാട്ടുവഴിയും ചേർന്ന് എഴുതി. ഒ.എൻ.വി- ഇളയരാജ ടീമിന്റെ ഗാനങ്ങൾ. 1998 ജൂൺ 9ന് റിലീസ്.
ഗൾഫുകാരിയുടെ കുടുംബം സുഖമായി ജീവിക്കുന്നത് അയച്ചുകിട്ടുന്ന പണത്തിന്മേലാണ്. തിരിച്ചു കൊടുക്കേണ്ടാത്ത, കണക്കില്ലാത്ത പണമാണല്ലോ അത്. അവിവാഹിതയായ നഴ്‌സിന്റെ അനിയത്തിക്ക് കല്യാണമാലോചിക്കുന്ന എൽഡി ക്ളാർക്ക് ചെറുക്കന് (മണിയൻപിള്ള) പൊന്നിനും പണത്തിനും മീതെ വിസയും വേണം! ആ ചെറുക്കന്റെ പെങ്ങൾ, നഴ്‌സിന്റെ അടിപിടിക്കാരൻ ആങ്ങളയുമായി (ദിലീപ്) പ്രണയത്തിലാണ്. പെങ്ങളേക്കാൾ ‘വാല്യൂ’ വിസയ്ക്കായത് കൊണ്ട് ആ ബന്ധത്തെ എതിർക്കാനും വയ്യ. നഴ്‌സ് ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ മലയാളി ഡോക്ടർക്ക് (സുരേഷ് ഗോപി) അവളോട് പ്രണയമുണ്ട്.
അങ്ങനെയിരിക്കെയാണ് ഇറാഖിന്റെ കുവൈറ്റ് അധിനിവേശം വരുന്നത്. യുദ്ധം തകർത്തത് ബന്ധങ്ങളെന്ന് കരുതി കെട്ടിപ്പൊക്കിയ മണൽക്കൂനകളാണ്. അമ്മയും കുഞ്ഞും എന്ന അടിക്കുറിപ്പോടെ പത്രത്തിൽ വന്ന ഫോട്ടോ – നഴ്‌സ് ഒരു കുഞ്ഞിനെയെടുത്ത് കൊണ്ട് നിൽക്കുന്നത് നാട്ടിൽ ചൂടുള്ള വാർത്തയായി. അങ്ങനെയിരിക്കെ അവൾ വന്നു. കൂടെ കുഞ്ഞുമുണ്ട് (യുദ്ധത്തിനിടയിൽ അഭയാർത്ഥി ക്യാംപിൽ നിന്ന് കിട്ടിയതാണ്. നഴ്‌സല്ലേ, മനുഷ്യപ്പറ്റ് കൊണ്ട് ഒപ്പം കൂട്ടി). വീട്ടുകാർക്ക് പക്ഷെ താൽപര്യമില്ല. അനിയത്തിയുടെ കല്യാണാലോചനയും മുടങ്ങി. സർവ്വബന്ധങ്ങളും കള്ളനാണയങ്ങളാണെന്ന് തിരിച്ചറിഞ്ഞ നഴ്‌സ് പടിയിറങ്ങി ജനിച്ചു വളർന്ന പഴയ വീട്ടിൽ പോയി താമസിക്കുന്നു.
ആ പഴയ പുരയിടത്തിൽ നാട്ടിലെ റിയൽ എസ്റ്റേറ്റുകാരന് (രാജൻ പി ദേവ്) നോട്ടമുണ്ടായിരുന്നു. നഴ്‌സിലും അയാൾക്ക് നോട്ടമുണ്ട്. അയാളുടെ സമീപനം ബലാൽക്കാരമാവുമ്പോൾ അവൾ അയാളെ കൊല്ലുന്നു. ജയിലിൽ പോകുന്ന അവളോട് കുവൈറ്റിൽ നിന്നും വന്ന ഡോക്ടർ പറയുന്നു- കാത്തിരിക്കും.
വിജയശാന്തി ആകെ രണ്ട് മലയാള ചിത്രങ്ങളിലേ അഭിനയിച്ചിട്ടുളളൂ. യുവതുർക്കി ആണ് മറ്റേ ചിത്രം. ഈ ചിത്രത്തിൽ വിജയശാന്തിക്ക് ശബ്ദം കൊടുത്തത് ആനന്ദവല്ലിയാണ്.